പരിശോധന അതിവേഗം; 12,000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കേരളത്തിന് അനുവദിച്ച് ഐസിഎംആര്‍

തിരുവനന്തപുരം: കൊവിഡ് രോഗ നിര്‍ണയ പരിശോധന വ്യാപകമാകാന്‍ 12,000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കേരളത്തിന് അനുവദിച്ച് ഐസിഎംആര്‍. ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇതു പൂര്‍ത്തിയായാല്‍ ഉടന്‍ ഇവ ജില്ലകള്‍ക്ക് വിതരണം ചെയ്യും. ഇവയുടെ ഉപയോഗത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ വിവിധ ജില്ലാ ഭരണകൂടങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

റെഡ് സോണുകളിലും ഹോട്ട് സ്‌പോട്ടുകളിലുമാവും റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കൂടുതലായി വിതരണം ചെയ്യുക. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഒന്നാം നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും റാപ്പിഡ് ടെസ്റ്റ് പരിശോധനയ്ക്ക് മുന്‍ഗണന ലഭിക്കും.

മാധ്യമപ്രവര്‍ത്തകരേയും പരിശോധനയ്ക്ക് വിധേയരാക്കും. വയനാട്ടില്‍ ആരോഗ്യപ്രവര്‍ത്തകരേയും പൊലീസ് ഉദ്യോഗസ്ഥരേയും മാധ്യമപ്രവര്‍ത്തകരേയും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും റാപ്പിഡ് ടെസ്റ്റിന് വിധേയരാക്കാന്‍ തീരുമാനമായിട്ടുണ്ട്. ടെസ്റ്റ് കിറ്റുകള്‍ എത്തിയാലുടന്‍ ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം അറിയിച്ചു.

Top