പത്തനംതിട്ട സ്വദേശികളുടെ ബന്ധുക്കള്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട: ഇറ്റലിയില്‍ നിന്നും വന്ന പത്തനംതിട്ട സ്വദേശികളുടെ മകള്‍ക്കും മരുമകനും മാതാപിതാക്കള്‍ക്കും കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. നാലുപേരും ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച മറ്റു രണ്ടുപേരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 12 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് പത്തനംതിട്ട റാന്നിയിലെത്തിയ ശേഷം വൈറസ് സ്ഥിരീകരിച്ച മൂന്നംഗ കുടുംബത്തോട് അടുത്ത് ഇടപഴകിയ ആറുപേര്‍ക്കാണ് രോഗം വന്നത്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഇവരെ കൂട്ടിക്കൊണ്ടുവരാന്‍ പോയ കോട്ടയത്തുകാരായ രണ്ട് ബന്ധുക്കള്‍ക്ക് രോഗം പിടിപെട്ടു.

പത്തനംതിട്ടയില്‍ താമസിക്കുന്ന വൃദ്ധമാതാപിതാക്കള്‍ക്കും ഇറ്റലിയില്‍ നിന്ന് എത്തിയവരില്‍നിന്നു രോഗം പകര്‍ന്നിട്ടുണ്ട്. ഇവരുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് കോട്ടയം മെഡിക്കല്‍ കോളജിലാക്കി. റാന്നിയില്‍ തന്നെയുള്ള രണ്ടു ബന്ധുക്കളെ ഈ കുടുംബം സന്ദര്‍ശിച്ചിരുന്നു.

അവര്‍ക്കും രോഗം ബാധിച്ചു. ഇവര്‍ കോഴഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗബാധിതരില്‍ മൂന്നംഗ കുടുംബവും കൊച്ചിലെത്തിയ കുട്ടിയടക്കം നാലു പേര്‍ ഇറ്റലിയില്‍നിന്നു വന്നവരും ബാക്കി എട്ടു പേര്‍ അവരുമായി ബന്ധം പുലര്‍ത്തിയവരുമാണ്. വിദേശയാത്ര, രോഗലക്ഷണങ്ങള്‍ എന്നിവ മറച്ചുവെക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Top