കണ്ണൂര്‍ സ്വദേശിയുടെ രണ്ടാമത്തെ സ്രവ പരിശോധന ഫലം നെഗറ്റീവ്

കണ്ണൂര്‍: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂര്‍ പെരിങ്ങോം സ്വദേശിയുടെ രണ്ടാമത്തെ സ്രവ പരിശോധന ഫലം നെഗറ്റീവാണെന്ന് മന്ത്രി കെകെ ശൈലജ. ഇനി ഒരു സ്രവ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. അത് കൂടി നെഗറ്റീവാണെങ്കില്‍ ഇദ്ദേഹം കേരളത്തില്‍ രോഗമുക്തി നേടുന്ന നാലാമത്തെയാളാകും. ഇദ്ദേഹത്തിന്റെ ഭാര്യക്കും അമ്മയ്ക്കും രോഗമില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലാണ് ഇദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. അതേസമയം ഇദ്ദേഹത്തിന്റെ മകന്റെ പരിശോധനാ ഫലം നാളെ വരും. സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 21 ആയി.

സര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചയാളോടൊപ്പം ദുബായിലെ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്ന ഏഴുപേരെ ഇന്നലെ നാട്ടിലെത്തിച്ചു. അര്‍ധരാത്രിയോടെ കരിപ്പൂരിലെത്തിയ ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. കൊവിഡ് രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റ് അഞ്ചുപേര്‍ നേരത്തെ കണ്ണൂരിലേക്ക് മടങ്ങിയെത്തിയരുന്നു. കൊവിഡ് രോഗി നേരിട്ട് ഇടപഴകിയ 15 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇവര്‍ ഇടപഴകിയ ആളുകളുടെ രണ്ടാംഘട്ട സമ്പര്‍ക്കപ്പട്ടിക ഉണ്ടാക്കുകയാണ് ജില്ലാ ഭരണകൂടം.

Top