അമേരിക്ക വിറച്ചിടത്ത് വിജയിച്ചത് കമ്മ്യൂണിസ്റ്റ് ചൈന, കൊറോണ പുറത്ത്

മ്യൂണിസ്റ്റ് ചൈനയുടെ കാര്‍ക്കശ്യമാണ് ആ രാജ്യത്തിന്റെ ഇപ്പോഴത്തെ അതിജീവനം.

ലോകം കണ്ടു പഠിക്കേണ്ട മാതൃകയാണിത്. കൊറോണ വൈറസിനെ തുരത്താന്‍ ആരെയും അമ്പരപ്പിക്കുന്ന നടപടികളാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.

ജനുവരിയില്‍ കൊലയാളി വൈറസ് പിടിമുറിക്കയപ്പോള്‍ ആദ്യം പകച്ച ചൈന, പിന്നീട് ഉഷാറാവുകയായിരുന്നു. കൊറോണ വൈറസ് താണ്ഡവമാടിയ വുഹാനില്‍ ഒറ്റക്കേസ് മാത്രമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്ട് പഠിക്കേണ്ട പ്രതിരോധമാണിത്.

നേരത്തെ 5.6 കോടി ജനങ്ങള്‍ക്കാണ് ചൈന ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരുന്നത്. ആളുകള്‍ക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇവര്‍ക്ക് ഭക്ഷണം നല്‍കാന്‍ സൈന്യം തന്നെയാണ് മുന്നിട്ടിറങ്ങിയിരുന്നത്. വൈറസ് ബാധിതരെ ചികിത്സിക്കാന്‍ വേണ്ടി മാത്രം പുതിയ ആശുപത്രികള്‍ കെട്ടിപൊക്കിയതാകട്ടെ വെറും 10 ദിവസം കൊണ്ടാണ്.ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വൈറസ് ബാധ കുത്തനെ കുറയ്ക്കാന്‍ ചൈനക്ക് കഴിഞ്ഞിരിക്കുന്നത്.

15,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് പോലും ഒറ്റയടിക്കാണ് വൈറസ് ബാധ കുറഞ്ഞിരിക്കുന്നത്. കൊറോണ ബാധിച്ച അവസാന രോഗിയെയും ഭേദമാക്കി ഡോക്ടര്‍മാരും നഴ്‌സുമാരും ആശുപത്രി വിടുന്ന ദൃശ്യവും ലോകത്തിന് പുതിയ അനുഭവമായിരുന്നു. ഇപ്പോള്‍ വീടുകളിലും തെരുവുകളിലും പ്രത്യേകതരം കെമിക്കല്‍ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് അവിടെ നടന്ന് വരുന്നത്.

അമേരിക്ക പോലും പകച്ച് നില്‍ക്കുന്നിടത്താണ് ചൈന അതിജീവിച്ചിരിക്കുന്നത്. കൊറോണ ഭീതിയില്‍ അമേരിക്കയില്‍ അടിയന്തരാവസ്ഥയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാഴ്ച കൊണ്ട് 13 ഇരട്ടിയായാണ് വൈറസ് ഈ രാജ്യത്ത് പടര്‍ന്ന് പിടിച്ചിരിക്കുന്നത്. ഇറ്റലി, ഇറാന്‍, ബ്രിട്ടണ്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ സ്ഥിതിയാകട്ടെ ഗുരുതരമായി തുടരുകയുമാണ്. ഇതെവിടെ ചെന്ന് അവസാനിക്കുമെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

പ്രതിരോധ വാക്‌സിന്‍ മനുഷ്യരിലും പരീക്ഷിച്ചിരിക്കുകയാണിപ്പോള്‍ അമേരിക്ക. ഇസ്രയേലും പ്രതിരോധ മരുന്നിന്റെ അന്തിമഘട്ടത്തിലാണുള്ളത്. ഒരു ആരോഗ്യ പ്രവര്‍ത്തകയിലാണ് പ്രതിരോധ വാക്‌സിന്‍ അമേരിക്കന്‍ ഗവേഷകര്‍ പ്രയോഗിച്ചിരിക്കുന്നത്.ഇതിന്റെ അന്തിമ ഫലത്തിനായാണ് ലോകവും ഇപ്പോള്‍ കാത്തിരിക്കുന്നത്.

ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസിനെ ചെറുത്ത് തോല്‍പ്പിച്ചതിപ്പോള്‍ ചൈന മാത്രമാണ്. പ്രതിരോധ വാക്‌സിന്‍ ഇല്ലാതെയായിരുന്നു അവരുടെ പ്രതിരോധം.

ഏറ്റവും കൂടുതല്‍ മരണവും രോഗവും റിപ്പോര്‍ട്ട് ചെയ്ത രാജ്യം തന്നെയാണ് ഫലപ്രദമായ ചെറുത്ത് നില്‍പ്പും ഇവിടെ നടത്തിയിരിക്കുന്നത്.

ഏകാധിപത്യ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ അറിയേണ്ടത്, ആ കാര്‍ക്കശ്യം തന്നെയാണ് ചൈനയില്‍ വിജയം കണ്ടിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യമാണ്.

വൈറസ് വേട്ടയാടിയ പ്രദേശങ്ങളിലൂടെ നടന്നാണ് ചൈനീസ് പ്രസിഡന്റ് സ്വന്തം ജനതയ്ക്കിപ്പോള്‍ ആത്മവിശ്വാസം നല്‍കിയിരിക്കുന്നത്.

പൗരന്മാരുടെ ജീവിതത്തില്‍ ചൈന ഇടപെടുന്ന പോലെ ലോകത്ത് ഒരു രാജ്യവും ഇടപെടുകയില്ല. അവര്‍ക്കാര്‍ക്കും അതിന് സാധിക്കില്ലന്നതാണ് യാഥാര്‍ത്ഥ്യം. എന്തിനേറെ രാജ്യ ഭരണമുള്ള രാജ്യങ്ങളില്‍ പോലും ഇത് സാധ്യമായിട്ടില്ല. കൊറോണ ഈ രാജ്യങ്ങളെയും ഏറെ ഭയപ്പെടുത്തിയിരിക്കുകയാണ്.

ഭരണകൂടം പറയുന്നത് അപ്പടി പ്രാവര്‍ത്തകമാക്കുന്ന ഒരു ജനതയാണ് ചൈനയിലേത്. ചെമ്പടയുടെ കരുത്തും ഈ അച്ചടക്കം തന്നെയാണ്. ഇത് ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും ഏറ്റുവാങ്ങേണ്ടി വരും. ഈ അനുസരണ തന്നെയാണ് കൊറോണയെ തുരത്തുന്നതിനും സഹായകരമായിരിക്കുന്നത്.

ഇന്ത്യയിലും കൊറോണ വലിയ ഭയമാണിപ്പോള്‍ വിതച്ചിരിക്കുന്നത്. ഇതിനകം തന്നെ മൂന്ന് പേര്‍ വൈറസ് ബാധയേറ്റ് മരിച്ചിട്ടുണ്ട്. 125പര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 17 ഉച്ചവരെയുള്ള കണക്കാണിത്. ഇതില്‍ 24പേരും കേരളത്തില്‍ നിന്നുള്ളവരാണ്. ലോകത്തിന് മാതൃകയായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേരളവും ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്.

ചൈനയെ പോലെ അനുസരണ ശീലമുള്ള ജനതയല്ലാത്തതാണ് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

അതാണ് മാര്‍ച്ച് 15ന് രാത്രി നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ കണ്ടത്. ബിഗ് ബോസ് താരത്തെ കാണാന്‍ കൊറോണയെ പോലും വകവയ്ക്കാതെയാണ് ജനക്കൂട്ടമെത്തിയത്.

ഇന്ന് കേരളം ഏറെ ഭയക്കുന്നതും വിമാനതാവളത്തിലെത്തിയ ഈ കൂട്ടത്തെയാണ്. കൊറോണ വൈറസിനെ ഭയക്കേണ്ട ഗുരുതരമായ ഘട്ടത്തില്‍ തന്നെയാണ് ഈ ഒത്തു ചേരലും നടന്നിരിക്കുന്നത്.

സ്വീകരണ പരിപാടിയില്‍ പങ്കെടുത്തവരെ പൊലീസ് നിലവില്‍ അറസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. അനിവാര്യമായ നടപടിയാണിത്. നാളെ മറ്റൊരു വിഭാഗം ഇതുപോലെ ആവര്‍ത്തിച്ചാല്‍ കൊലയാളി വൈറസിനാണ് കാര്യങ്ങള്‍ എളുപ്പമാകുക.

ചൈനയുടെ കര്‍ശന നടപടി നാം ആഗ്രഹിച്ചു പോകുന്ന സന്ദര്‍ഭം കൂടിയാണിത്.

വ്യക്തികള്‍ക്കും ചാനലുകള്‍ക്കുമെല്ലാം നമ്മുടെ രാജ്യം നല്‍കുന്ന സ്വാതന്ത്ര്യമാണ് ഇന്ന് നമുക്ക് തന്നെ അപമാനമായിരിക്കുന്നത്.

കൊറോണ ഭീതിയിലും നേട്ടമുണ്ടാക്കാനാണ് ഏഷ്യാനെറ്റും അവരുടെ ബിഗ് ബോസും ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

രജിത് കുമാറിന്റെ സ്വീകരണവും, കേസും, പ്രതികളുടെ കുമ്പസാരവുമെല്ലാം മാര്‍ക്കറ്റ് ചെയ്യുന്ന തെറ്റായ രീതിയാണിത്.

സോഷ്യല്‍ മീഡിയയിലൂടെ ഇതിനായി വ്യാപകമായ ക്യാംപയിനാണ് ബിഗ് ബോസ് സംഘാടകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

രജിത് കുമാറിനെ പുറത്താക്കിയത് പോലും പി.ആറിന്റെ ഭാഗമാണെന്ന സംശയമാണ് ഇതാടെ ഉയര്‍ന്നിരിക്കുന്നത്.

കൊറോണ കാലത്തും കച്ചവട താല്‍പ്പര്യവുമായി മുന്നോട്ട് പോകുന്ന ഈ പരിപാടി ബഹിഷ്‌ക്കരിക്കുകയാണ്, യഥാര്‍ത്ഥത്തില്‍ പ്രേക്ഷകര്‍ ഇനി ചെയ്യേണ്ടത്.

രജിത് കുമാറിനെ പുറത്താക്കിയതും അദ്ദേഹത്തിനെ ‘ സ്വീകരിക്കാന്‍ ആളെ കൂട്ടിയതുമെല്ലാം സംഘടിത കുറ്റകൃത്യമാണ്. രോഗം ഒരുപാട് പേരിലേക്ക് പടരാനാണ് ഇത്തരമൊരു അവസ്ഥ കാരണമാകുക. അതു കൊണ്ട് തന്നെയാണ് സര്‍ക്കാരും നിലപാട് കടുപ്പിച്ചിരിക്കുന്നത്.

ഈ ഒരു അവസ്ഥ ചൈനയിലാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചതെങ്കില്‍ ചാനല്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ അകത്ത് കിടക്കേണ്ടി വരുമായിരുന്നു.

അതീവ സങ്കീര്‍ണ്ണമായ അവസ്ഥയില്‍ തന്നെയാണ് കേരളവും ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. അനാവശ്യമായി പുറത്തിറങ്ങാതെ ഇരിക്കുക എന്നത് മാത്രമാണ് നമുക്ക് മുന്നിലുള്ള ഏറ്റവും വലിയ പ്രതിരോധം.

ചൈനയുടെ വിജയം ഉരുക്കുമുഷ്ടിയുടെ മാത്രം വിജയമല്ല. ഏറെക്കുറെ ഇതേ നിയന്ത്രണങ്ങള്‍, ജനാധിപത്യ രാജ്യങ്ങളിലും സാധ്യമാണ്. അത് ശരിക്കും നടപ്പാക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്. മനുഷ്യന്‍ അവശേഷിച്ചാല്‍ മാത്രമേ സ്വാതന്ത്ര്യം കൊണ്ടും കാര്യമൊള്ളൂ. ഇക്കാര്യം ജനാധിപത്യ വാദികളും ഓര്‍ക്കേണ്ടതാണ്.

വേണ്ടത്ര ഉദ്യോഗസ്ഥരെ നിയോഗിച്ച് ടെസ്റ്റിങ്, ഐസൊലേഷന്‍, ഹോം. ക്വാറന്റൈന്‍, ചികിത്സ, മൃതദേഹങ്ങള്‍ മറവു ചെയ്യല്‍, ഇമ്മിഗ്രേഷന്‍ നിയന്ത്രണം, യാത്രാ നിയന്ത്രണം എന്നിവ പാലിച്ചു, എന്നിടത്താണ് ചൈനയുടെ വലിയ വിജയം. ഇത് ഏത് രാജ്യത്തും നടപ്പാക്കാന്‍ കഴിയുന്ന കാര്യം തന്നെയാണ്.

‘വൈറസിനെക്കാള്‍ ചൈനീസ് ഭരണകൂടത്തെ ജനങ്ങള്‍ ഭയക്കുന്നു, അതു കൊണ്ട് അവര്‍ അക്ഷരം പ്രതി അനുസരിക്കുകയും ചെയ്യുന്നു ‘

ഒരു അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ പരിഹാസത്തോടെ പറഞ്ഞ വാക്കുകളാണിത്. ഈ ഭയം തന്നെയാണ് മാനവരാശിയുടെ നിലനില്‍പ്പിനും ഇപ്പോള്‍ അനിവാര്യമായിരിക്കുന്നത്. അനുസരണക്കേട് കാണിക്കുന്ന ജനങ്ങളാണ് മിക്കയിടത്തും രോഗം പരത്തുന്നത്. മറ്റുള്ളവരുടെ മുഖത്ത് തുപ്പുന്നതില്‍ വരെ ചിലയിടങ്ങളില്‍ ആ അനുസരണക്കേട് എത്തിനില്‍ക്കുന്നുമുണ്ട്. തനിക്ക് പിടിച്ച രോഗം മറ്റുള്ളവരിലും പടരട്ടെ എന്ന മാനസികാവസ്ഥയാണിത്. ഇത്തരക്കാരെ ചൈനീസ് സേനയാണെങ്കില്‍ വെടിവെച്ച് കൊല്ലും, അതല്ലങ്കില്‍ തുറങ്കലിലടക്കും. മറ്റു രാജ്യങ്ങളിലാണെങ്കില്‍ ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവരെ തൊടാന്‍ പോലും പേടിക്കും. സ്വന്തം സുരക്ഷ നോക്കി പൊലീസും ഓടിയൊളിക്കും. അതാണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

കര്‍ശന നടപടികളും, ആരോഗ്യരംഗത്തെ കാര്യക്ഷമതയോടെയുള്ള ഏകോപനവും, കൊറോണയെ തുരത്താന്‍ ഇന്ന് അനിവാര്യമാണ്. അതിനുള്ള പാഠം കമ്യൂണിസ്റ്റ് ചൈനയില്‍ നിന്നാണ് പഠിക്കേണ്ടതെങ്കില്‍ അത് അമേരിക്കയും പഠിക്കുക തന്നെയാണ് വേണ്ടത്.

Top