ലോക്ക് ഡൗണിന് ശേഷവും നന്മയുടെ ‘നന്മ മനസ്സ് തുടരുമെന്ന് . . .

കൊറോണ വൈറസ് കലി തുള്ളി താണ്ഡവമാടുമ്പോള്‍ പകച്ചു നിന്ന ഒരു സമൂഹത്തിന് ആശ്വാസവും കാരുണ്യവും ചൊരിഞ്ഞ് എത്തിയവരാണ് നന്മ ടീം. കേരള പൊലീസുമായി ചേര്‍ന്ന് അവര്‍ നടത്തിയ പ്രവര്‍ത്തനം ഇപ്പോള്‍ ഏറെ അഭിനന്ദിക്കപ്പെട്ടിരിക്കുകയാണ്.

ലോക്ക്ഡൗണ്‍ ആഹ്വാനം വന്ന ഉടന്‍ എല്ലാവരും ആ ആഹ്വാനം ശിരസ്സാവഹിക്കുന്നതിനായി വീടുകളിലേക്കു ഉള്‍വലിഞ്ഞ നേരം പി വിജയന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനും കൂട്ടരും ആദ്യം ചിന്തിച്ചത് വീടില്ലാതെ തെരുവോരത്തു കഴിയുന്ന പട്ടിണി പാവങ്ങളുടെ അവസ്ഥയാണ്. വാഹനമില്ലാതെ യാത്ര പാതിവഴിയില്‍ മുടങ്ങി വഴിയോരത്തു കുടുങ്ങി കിടക്കുന്നവരെ കുറിച്ചാണ്. ദിവസക്കൂലിക്ക് ജോലിചെയ്തു കുടുംബത്തിന് അന്നം കണ്ടെത്തിയിരുന്നവരെയാണ്. രോഗങ്ങളുടെ പിടിയില്‍ ആശുപത്രികളില്‍ കഴിയുന്നവരെയും അവരുടെ കൂട്ടിരിപ്പുകാരെയും കുറിച്ചാണ്. വിജയന്റെ നേതൃത്വത്തിലുള്ള ഒരുപറ്റം സുമനസ്സുകളുടെ അനുതാപത്തോടെയുള്ള ചിന്ത ഇന്ന് ഒരു വലിയ മുന്നേറ്റമായി കേരളമാകെ പടര്‍ന്നിരിക്കുന്നു, ‘ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം’ എന്ന ക്യാമ്പിയിനിന്റെ രൂപത്തില്‍.

ലോക്ക്ഡൗണ്‍ ആരംഭിച്ച ദിവസം തിരുവനന്തപുരം നഗരത്തില്‍ 40 പേര്‍ക്ക് അത്താഴത്തിനായി ഉപ്പുമാവ് പൊതികള്‍ വിതരണം ചെയ്തുകൊണ്ടാണ് ‘ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം’ എന്ന ക്യാമ്പിയിനിന്റെ തുടക്കം. തൊട്ടടുത്ത ദിവസം അതേ നഗരത്തില്‍ നിര്‍ദ്ധനരായ 100 പേര്‍ക്ക് ഉച്ചയൂണൊരുക്കി വിതരണം ചെയ്തു. ക്രമേണ ജില്ലകളില്‍ നിന്ന് ജില്ലകളിലേക്കു ഈ സ്‌നേഹ സംരംഭം ഞൊടിയിടയില്‍ വളര്‍ന്നു. ഇന്ന് ‘ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം’ ദിനേന ഭക്ഷണമൊരുക്കുന്നത് ഇരുപതിനായിരത്തോളം പേര്‍ക്കാണ്! 20 ദിവസം കൊണ്ട് വിതരണം ചെയ്യപ്പെട്ട മൊത്തം ഭക്ഷണ പൊതികളുടെ എണ്ണമാകട്ടെ രണ്ടു ലക്ഷത്തിലധികവും!

ഒട്ടുമിക്ക ജില്ലകളിലും ‘ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം’ പദ്ധതി ഭക്ഷണം പാചകം ചെയ്യുന്നത് സുമനസ്സുകള്‍ വിട്ടുനല്‍കിയ കെട്ടിടങ്ങളില്‍ പ്രത്യേകമായി സജ്ജീകരിച്ച അടുക്കളകളില്‍ നിന്നാണ്. പാചക സാമഗ്രികളാകട്ടെ വന്നെത്തുന്നത് പദ്ധതിയുടെ പ്രവര്‍ത്തനം കേട്ടറിഞ്ഞു കൂടെ ചേരാന്‍ വന്ന കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന മനുഷ്യസ്‌നേഹികളില്‍ നിന്ന്.അന്നദാനം പതിവുള്ള അമ്പലങ്ങളും പള്ളികളും പൂട്ടികിടക്കുന്നതിനാല്‍ അവരില്‍ പലരും ഈ പാചകപുരകളെ ദൈവം വസിക്കുന്ന ഇടങ്ങളായി കണ്ടു പാചക സാമിഗ്രികള്‍ നിറഞ്ഞമനസ്സോടെ എത്തിക്കുന്നു. പള്ളിക്കൂടങ്ങളും ആവും വിധം സഹായിക്കുന്നു. പല കുട്ടികളും അവരുടെ ജന്മദിനം ആഘോഷിക്കുന്നത് അരിയും പച്ചക്കറികളും ‘ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം’ പദ്ധതിയുടെ അടുക്കളകളിലേക്ക് സംഭാവന ചെയ്താണ്.

ഈ ലോക്ക്ഡൗണ്‍ കാലം ദുരിതം വിതക്കുമായിരുന്ന പാചകവിദഗ്ധരെയാണ് പാചകത്തിനായി തെരഞ്ഞെടുത്തത്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് താല്പര്യത്തോടെ മുന്നോട്ടു വന്ന സന്നദ്ധപ്രവര്‍ത്തകരാണ് പാചകസഹായികള്‍. ഈ അടുക്കളകളില്‍ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ പ്രധാന ചേരുവയാവട്ടെ നിസ്വാര്‍ത്ഥമായ സ്‌നേഹവും.കോവിഡ് കാലത്തെ മുഴുവന്‍ നിയന്ത്രണങ്ങളൂം ചിട്ടയോടെ ഇവിടങ്ങളില്‍ പാലിക്കപെടുന്നു.

മത പുരോഹിതര്‍, സംസ്ഥാന പോലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥര്‍, ജനപ്രധിനിധികള്‍, വിവിധ മേഖലകില്‍ ഔനിത്യം തെളിയിച്ചിട്ടുള്ള ഉന്നതര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി സമുഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള പ്രമുഖരും സാധാരണക്കാരും ഒത്തുചേര്‍ന്നാണ് ഭക്ഷണപൊതികള്‍ തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും നേതൃത്വം നല്‍കുന്നത്. ഇവിടെ പ്രതിനിധാനം ചെയ്യപ്പെടുന്ന രാഷ്ട്രീയവും മതവും വിശപ്പിന്റേതാണ്.

ശാരീരിക അകലത്തിന്റെ കാലഘട്ടത്തില്‍ വിശപ്പനുഭവിക്കുന നിരാലംബര്‍ക്കു വിശപ്പടക്കാന്‍ ഭക്ഷണം ഉത്തരവാദിത്വത്തോടെ എത്തിച്ചു നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ഒരുമിച്ച ഈ സ്‌നേഹകൂട്ടായിമ കൂടുതല്‍ ശക്തിപ്പെടുത്താനും ലോക്ക്ഡൗണിന് ശേഷവും വിവിധ സാമൂഹിക വെല്ലുവിളികള്‍ അനുഭവിക്കുന്ന ഹതഭാഗ്യര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കാനുമാണ് ‘ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം’ പദ്ധതിയുടെ ടീം അംഗങ്ങളുടെ തീരുമാനം.

Top