അതിഥി തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍

കൊച്ചി: പായിപ്പാട്ടെയും പെരുമ്പാവൂരിലെയും അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. ലോക് ഡൗണ്‍ കാലത്ത് അതിഥി തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ പാലിച്ചിട്ടുണ്ടോയെന്ന് അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

പെരുമ്പാവൂരിലെ അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തില്‍ ഗൂഢാലോചന സംബന്ധിച്ച് നിലവില്‍ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് എറണാകുളം റേഞ്ച് ഡിഐ ജി കാളിരാജ് മഹേഷ് കുമാര്‍. എന്നാല്‍ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇതിനെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്മ്യൂണിറ്റി കിച്ചന്‍ വഴി ആവശ്യത്തിന് ഭക്ഷണം കിട്ടിയില്ലെന്ന് ആരോപിച്ച് പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. പായിപ്പാട്ടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു പെരുമ്പാവൂരിലും പ്രതിഷേധം. അതേസമയം സംസ്ഥാനത്തെ മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും ഭക്ഷണം ഉറപ്പാക്കുമെന്നും ഇത് കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ക്യാംപുകള്‍ നടത്തുന്ന കെട്ടിട ഉടമകള്‍ സഹകരിക്കണമെന്നും അതിഥി തൊഴിലാളി ക്ഷേമ നോഡല്‍ ഓഫീസര്‍ ഐജി ശ്രീജിത്ത് വ്യക്തമാക്കി.

Top