കര്‍ണാടക സര്‍ക്കാരിന്റെ ക്രൂരതയിക്കിടെ കേരളത്തിന് ആശ്വാസമായി മൂന്ന് യുവാക്കള്‍

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് അത്യാസന്ന നിലയിലായ രോഗികളെയും കൊണ്ട് വരുന്ന ആംബുലന്‍സ് പോലും കടത്തിവിടാതെ കര്‍ണാടക അതിര്‍ത്തിയടച്ചതോടെ നിഷേധിക്കപ്പെട്ടത് ചികിത്സമാത്രമല്ല, മംഗളൂരുവില്‍ ലഭ്യമാകുന്ന ജീവന്‍ രക്ഷാമരുന്നുകള്‍കൂടിയാണ്.

കാലങ്ങളോളമായി കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാര്‍ വിദഗ്ധ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് മംഗലാപുരത്തെ മെഡിക്കല്‍ കോളേജുകളെയാണ്. ഇവര്‍ക്ക് നിത്യേന കഴിക്കേണ്ട മരുന്നുകള്‍ കിട്ടാതെ ദുരിതത്തിലായതോടെയാണ് പയ്യന്നൂര്‍ എരമം സ്വദേശിയും മംഗളൂരു കാനറ എന്‍ജിനിയറിങ്ങ് കോളേജ് അധ്യാപകനുമായ പികെജി അനൂപ് കുമാര്‍, കാസര്‍ക്കോട് പട്ട്‌ളയിലെ സതീഷ് ഷെട്ടി , പൊന്നങ്കളയിലെ പി ജയപ്രകാശ് എന്നിവര്‍ സഹായവുമായി രംഗത്തെത്തിയത്.

മിക്ക രോഗികകളും ഉപയോഗിച്ചു വന്നിരുന്ന പല ജീവര്‍രക്ഷാ മരുന്നുകളും മംഗളൂരു നഗരത്തില്‍ മാത്രം ലഭിക്കുന്നവയാണ്. ദിനവും നിരവധി പേരാണ് മംഗളൂരുവിലെ പരിചയക്കാരെ വിളിച്ച് മരുന്ന് എത്തിക്കാന്‍ മാര്‍ഗമുണ്ടേയെന്ന് ആരായുന്നത്. കടുത്ത നിയന്ത്രണം കാരണം പലരും നിസ്സഹായരായി നില്‍ക്കുന്നത് കണ്ടാണ് മൂവര്‍ സംഘം മുന്നിട്ടറങ്ങിയത്.

രാഷ്ട്രീയ എതിര്‍പ്പും വര്‍ഗീയതയും കാരണം സുപ്രീംകോടതി നിര്‍ദ്ദേശം പോലും മറികടന്ന് ഇപ്പോളും മംഗലാപുരത്തേക്ക് രോഗികളെ കടത്തിവിടാന്‍ അലംഭാവം കാണിക്കുകയാണ് മംഗളൂരു എംപി നളീന്‍കുമാറിന്റെ നേതൃത്വത്തിലുള്ള ബിജെപി .

ഇവര്‍ വിദ്വേഷം വെച്ച് പുലര്‍ത്തുന്ന അതേ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ഈ യുവാക്കക്കളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അതിര്‍ത്തിയിലെ അടച്ചിട്ട വഴികള്‍ തുറക്കുകയാണ്. ഏറെ ബുദ്ധിമുട്ടിയാണ് കേരളത്തിലെ രോഗികള്‍ക്ക് മംഗളൂരു മാത്രം ലഭിക്കുന്ന ജീവന്‍ രക്ഷാമരുന്നുകള്‍ ഇവര്‍ എത്തിച്ചു നല്‍കുന്നത്.

തളിപ്പറമ്പ് ചെമ്പേരി നെല്ലിക്കുറ്റിയിലെ മരിയ അഗസ്റ്റിന്‍ എന്ന യുവതിക്ക് ജീവന്‍ രക്ഷാമരുന്നായ ടാക്രോമസ് (TACROMUS) വേണമെന്നാവശ്യപ്പെട്ട് വന്ന ഒരുഫോണ്‍ വിളിയാണ് തങ്ങളുടെ ഈ ഉദ്യമത്തിന് തുടക്കം കുറിച്ചതെന്ന് അനൂപ് കുമാര്‍ പറയുന്നു. നിരത്തിലിറങ്ങിയാല്‍ ലാത്തിയടിയും വണ്ടി പിടിച്ചെടുക്കലും നടക്കുന്ന സാഹചര്യത്തില്‍ പോലും അതൊന്നും വകവയ്ക്കാതെയാണ് മംഗളൂരു കുംപാളയില്‍ താമസിക്കുന്ന അനൂപ് വണ്ടിയുമായി മരുന്ന് തേടിയിറങ്ങുന്നത്.

15 കിലോമീറ്ററോളം യാത്രചെയ്ത് പമ്പ് വെല്ലിലുള്ള സൂര്യ ലൈഫ് കെയറില്‍ നിന്ന് മരുന്ന് വാങ്ങി സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയിലെത്തിച്ചു. അവിടെ നിന്ന് അഗ്‌നിരക്ഷാസേനയുടെ വണ്ടിയില്‍ ആ മരുന്ന് തളിപ്പറമ്പിലെ മരിയ അഗസ്റ്റിനിലേക്ക്. കഴിഞ്ഞയാഴ്ച ജയപ്രകാശിന്റെ സഹോദരി ഭര്‍ത്താവിനു വേണ്ട അവശ്യ മരുന്നും അനൂപ് മംഗളൂരുവില്‍ നിന്ന് വാങ്ങി തലപ്പാടിയില്‍ കൊണ്ടു നല്‍കിയിരുന്നു. ഇത്തരത്തില്‍ നിരവധി പേര്‍ക്കാണ് ഈ മൂന്ന് യുവാക്കള്‍ കൈത്താങ്ങാവുന്നത്.

കേരളത്തിലെ ആര്‍ക്കും മംഗളൂരുവില്‍ നിന്ന് ജീവന്‍ രക്ഷാമരുന്ന് എത്തിച്ചുനല്‍കാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന് മൂവരും ഒരേ സ്വരത്തില്‍ പറയുന്നു. 8884713144-(അനൂപ്), 9895135881- (ജയപ്രകാശ് )എന്നീ നമ്പറുകളില്‍ എപ്പോള്‍ വേണമെങ്കിലും വിളിച്ച് മംഗളൂരുവില്‍ നിന്ന് മരുന്നെത്തിക്കാന്‍ തയ്യാറാണെന്നും ഇവര്‍ ഉറപ്പുനല്‍കുന്നു.

സിപിഐഎം പെന്നങ്കള ബ്രാഞ്ചംഗമാണ് ജയപ്രകാശ്, സതീഷ് പട്ട്‌ള ബ്രാഞ്ചംഗവും അനൂപ് മംഗളൂരുവിലേക്ക് താമസം മാറുന്നത് വരെ മാത്തില്‍ എരമം പുല്ലുക്കര ബ്രഞ്ചംഗമായിരുന്നു. ഇവരുടെ നേതൃത്വത്തില്‍ മംഗളൂരുവില്‍ രക്തദാനത്തിന് സഹായം നല്‍കുന്ന വീ ഡൊണേറ്റ് ചാരിറ്റബിള്‍ സൊസൈറ്റി രൂപികരിച്ചിട്ടുണ്ട്.

Top