ന്യുമോണിയയും വൃക്കരോഗവും; കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ നില ഗുരുതരം

മലപ്പുറം: കൊവിഡ് സ്ഥിരീകരിച്ച എഴുപത്തിയൊന്നുകാരനായ മാഹി സ്വദേശിയുടെ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. ഇരുവൃക്കകളും തകരാറിലായ ഇയാളുടെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. മതചടങ്ങുകളിലും കല്യാണത്തിലുമടക്കം നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്തതിനാല്‍ ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തല്‍ അതീവ ദുഷ്‌കരമാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ എംഎം ഹൈസ്‌കൂള്‍ പള്ളിയിലെ എല്ലാ മത ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. 18ന് പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി ബന്ധുവിന്റെ കൂടെ മാഹി പാലം വരെ ബൈക്കിലും പിന്നെ 11 പേരോടൊപ്പം ടെമ്പോ ട്രാവലറിലും യാത്ര ചെയ്തു. വിവാഹ നിശ്ചയ ചടങ്ങില്‍ 45 പേര്‍ പങ്കെടുത്തു. അന്ന് തന്നെ മറ്റ് പത്ത് പേര്‍ക്കൊപ്പം എരൂര്‍ പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് എത്തി. ആസമയത്ത് പള്ളിയില്‍ വേറെ 7 പേരും ഉണ്ടായിരുന്നു.

23ന് പനി വന്നതിനെ തുടര്‍ന്ന് രണ്ട് ബന്ധുക്കള്‍ക്കൊപ്പം തലശ്ശേരി ടെലിമെഡിക്കല്‍ സെന്ററിലെത്തി ഡോക്ടറെ കണ്ടു. പനി കൂടിയതോടെ മാര്‍ച്ച് 30 ന് ഇവിടെയെത്തി ഒന്നുകൂടി ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങി. 31 ന് ശ്വാസ തടസം നേരിട്ടതോടെ വീണ്ടും ടെലിമെഡിക്കല്‍ സെന്ററിലെത്തി അഡ്മിറ്റായി. രാത്രി ആരോഗ്യ നില വഷളായതോടെ ആംബുലന്‍സില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടുത്ത ന്യുമോണിയ ബാധിച്ചതോടെ സംശയം തോന്നി ഏപ്രില്‍ ആറിനാണ് സ്രവ പരിശോധ നടത്തിയത്. കൊവിഡ് സ്ഥിരീകരിച്ചതോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ഇയാളെ മാറ്റി. രണ്ട് വൃക്കകളും തകരാറിലാണെന്നും ആരോഗ്യ നില മോശമായിക്കൊണ്ടിരിക്കുകയാണെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.

Top