ലോക്ക്ഡൗണ്‍: പ്രതിഫലം വെട്ടിക്കുറച്ച് സംവിധായകന്‍ ഹരി

കോവിഡിന്റെ വരവോടെ രാജ്യത്തെ സിനിമാവ്യവസായം സ്തംഭിച്ചിരിക്കുകയാണ്. പുതിയ സിനിമകളുടെ ചിത്രീകരണങ്ങളും റിലീസും എല്ലാം നിര്ത്തിവെച്ചിരിക്കുകയാണ്. സിനിമയിലെ ദിവസവേതനക്കാര്‍ അടക്കം ബുദ്ധിമുട്ടിലാണെന്ന് വാര്‍ത്തകളും വന്നിരുന്നു. അതിന് പിന്നാലെ നിരവധി സിനിമാതാരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളും അവര്‍ക്ക് സഹായങ്ങളുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് സംവിധായകന്‍ ഹരി തന്റെ പ്രതിഫലം വെട്ടിക്കുറച്ചു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

പുതിയ ചിത്രം അരുവയില്‍ വാങ്ങുന്ന പ്രതിഫലത്തില്‍ നിന്നും 25 ശതമാനമാണ് ഇദ്ദേഹം വെട്ടിക്കുറച്ചത്. സൂര്യയാണ് ചിത്രത്തിലെ നായകന്‍. ഈ കൊറോണക്കാലത്ത് നിര്‍മ്മാതാക്കള്‍ അനുഭവിക്കുന്ന പ്രതിസന്ധി കണക്കിലെടുത്താണ് പ്രതിഫലം വെട്ടിക്കുറക്കാന്‍ താന്‍ തീരുമാനമെടുത്തതെന്ന് സംവിധായകന്‍ പറയുന്നു. നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയും നടന്‍ ഹരീഷ് കല്യാണും കോവിഡിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ പ്രതിഫലം വെട്ടിക്കുറക്കുകയാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അരുവ ഒരു ആക്ഷന്‍ ഡ്രാമാ ചിത്രമാണ്. ചിത്രത്തിന്റെ നിര്‍മ്മാണം സ്റ്റുഡിയോഗ്രീന്‍ ആണ് . റാഷി ഖന്നയാണ് നായിക. ഏപ്രിലില്‍ ആയിരുന്നു ചിത്രം റിലീസാകേണ്ടിയിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ മൂലം റിലീസ് നീട്ടിവെക്കുകയായിരുന്നു.

Top