കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൊറോണ; ജില്ലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എല്ലാവര്‍ക്കും ഭക്ഷ്യവസ്തുക്കളും മരുന്നും ഉറപ്പാക്കും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും വില്‍ക്കുന്ന കടകള്‍ അടയ്ക്കാന്‍ അനുവദിക്കില്ല. ഭക്ഷ്യധാന്യം വീട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കും.

കടകള്‍ക്കു മുമ്പില്‍ ആളുകള്‍ കൂടിനില്‍ക്കാന്‍ പാടില്ല. ബസുകളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കൂ എന്നും കളക്ടര്‍ വ്യക്തമാക്കി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേരും ദുബായില്‍ നിന്നെത്തിയവരാണ്. ഒരാള്‍ വെള്ളിയാഴ്ച (മാര്‍ച്ച് 20) എത്തി. ഇയാള്‍ നേരിട്ട് ആശുപത്രിയിലേക്കെത്തുകയായിരുന്നു. അതുകൊണ്ട് തന്നെ മറ്റാരുമായും സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ല. രണ്ടാമത്തെയാള്‍ ഈ മാസം 13നാണ് നാട്ടിലെത്തിയത്. ഇയാള്‍ 25 പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായി മനസിലായിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

Top