എന്റെ നാടിനെ സേവിക്കണം; പ്രതിസന്ധിയില്‍ കൂടെയുണ്ടായവര്‍ക്ക് നന്ദി

തൃശ്ശൂര്‍: ലോകത്തെ ഒന്നാകെ വിറപ്പിച്ച കൊറോണ വൈറസ് ബാധ രാജ്യത്ത് ആദ്യം സ്ഥിരീകരിച്ചത് തൃശ്ശൂരിലാണ്. ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് എന്ന കൊവിഡ് 19 യുടെ പ്രഭവ കേന്ദ്രം. വുഹാന്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ തൃശ്ശൂര്‍ സ്വദേശിനിക്കാണ് കൊറോണ രാജ്യത്ത് ആദ്യം സ്ഥിരീകരിച്ചത്. ജനുവരി 27 മുതല്‍ ഫെബ്രുവരി 20 വരെ ആശുപത്രിയിലെ വാര്‍ഡില്‍ പി.പി.ഇ. കിറ്റുമണിഞ്ഞ് ഈ പെണ്‍കുട്ടി കഴിഞ്ഞു. ആദ്യത്തെ മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആണെന്നറിഞ്ഞിട്ടും ആത്മധൈര്യം കൈവിട്ടില്ല.

25 ദിവസത്തെ ആശുപത്രിയിലെ ഏകാന്തജീവിതം കഴിഞ്ഞ് അവള്‍ വീട്ടിലെത്തി. മൂന്നുവര്‍ഷമായി ചൈനയെ അടുത്തറിയാന്‍ തുടങ്ങിയിട്ട്. ചൈന നല്ല ജീവിതസാഹചര്യങ്ങള്‍ നല്‍കുന്നൊരു രാജ്യമാണ്. ഒരു വിവേചനവും അനുഭവിച്ചിട്ടില്ല. സാധാരണ ജനുവരിയിലാണ് അവധിക്കാലം. ഇത്തവണ അവധികാലത്ത് അവിടെ നില്‍ക്കാനായിയിരുന്നു പ്ലാന്‍. പക്ഷേ, പെട്ടന്നാണ് അവസ്ഥ മാറിയതും നാട്ടിലെത്തിയതും. എനിക്കുവേണ്ടി പ്രാര്‍ഥിച്ചവരോടെല്ലാം ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു. നമ്മളറിയാതെ എത്ര ആളുകളാണ് പ്രാര്‍ഥിക്കാനുള്ളത്. അതൊരു പ്രത്യേക വികാരം തന്നെയാണ്. നമ്മള്‍ ഒറ്റയ്ക്കല്ല, ആരൊക്കെയോ കൂടെയുണ്ടന്ന ഒരു തോന്നല്‍ വരും. കേരളത്തില്‍ ജീവിക്കുന്നു എന്നു പറയുമ്പോഴുണ്ടാവുന്ന അഭിമാനവും സന്തോഷവുമുണ്ടല്ലോ… അതുതന്നെയാണ് നമ്മുടെ ആരോഗ്യവകുപ്പിനെപ്പറ്റി ചോദിച്ചാലും മനസ്സില്‍ നിറയുന്നത്. ശൈലജ ടീച്ചറിന്റെ പ്രയത്‌നങ്ങളെപ്പറ്റി എടുത്തുപറയണം. പഠനം കഴിഞ്ഞാല്‍ സേവനം തീര്‍ച്ചയായും കേരളത്തിലായിരിക്കും. ജോലിയില്‍ നൂറുശതമാനം നീതി പുലര്‍ത്തും. ഇപ്പോള്‍ ഒരു പ്രതിസന്ധിയുണ്ടായത് ഞാന്‍ നേരില്‍ കണ്ടതാണ്. എന്നെ പരിചരിച്ചവരുടെ സ്‌നേഹവും കരുതലും ഞാന്‍ അനുഭവിച്ചതാണ്. ഇതിനപ്പുറം മറ്റെന്ത് പോസിറ്റീവ് എന്‍ജിയാണ് എനിക്ക് ഈ മേഖലയില്‍ തുടരാന്‍ വേണ്ടത് പെണ്‍കുട്ടി പറയുന്നു. മാതൃഭൂമിയോടാണ് പൊണ്‍കുട്ടി തന്റെ മനസ് തുറന്നത്.

Top