ലക്ഷണമില്ലാത്തവര്‍ക്കും രോഗം; കേരളത്തില്‍ വ്യാപക പരിശോധന ആവശ്യം

തിരുവനന്തപുരം: രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും കൊവിഡ്19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ആവശ്യം വ്യാപക പരിശോധന. ആരോഗ്യ പ്രവര്‍ത്തകരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പരിശോധനകള്‍ക്കായി രണ്ടുലക്ഷം കിറ്റുകള്‍ സംസ്ഥാനത്തെത്തിക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ഉത്തരവ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെയും, പൊലീസുകാരെയും പരിശോധിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.

ഇതിന് പുറമേ കൊവിഡ് സ്ഥിരീകരിച്ച മേഖലയിലെ ആളുകളേയും യാത്രകള്‍ ചെയ്യാത്തവരെയും, കൊവിഡ് ബാധിതരുമായി സമ്പര്‍ക്കം വരാത്തവരെയും കൂടുതലായി പരിശോധനയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരയേും പ്രായമായവരേയും കൂടുതലായി പരിശോധിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവിലെ കണക്കനുസരിച്ച് 10ലക്ഷം പേരില്‍ 450പേരെ മാത്രമാണ് കേരളം പരിശോധിക്കുന്നത്. വൈറസ് സാന്നിധ്യം കണ്ടെത്താന്‍ റാപ്പിഡ് ആന്റിബോഡി പരിശോധനയാണ് ആവശ്യം. എന്നാല്‍ കിറ്റുകള്‍ കിട്ടാത്തതാണ് പരിശോധനകള്‍ക്ക് തടസം. ചൈന. ദക്ഷിണ കൊറിയ , ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്ന് കിറ്റുകള്‍ക്ക് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. സമൂഹവ്യാപനം ഉണ്ടായോ എന്നതടക്കം അറിഞ്ഞുവേണം അടുത്ത കര്‍മപരിപാടികള്‍ തയാറാക്കാനെന്നും വിദഗ്ധര്‍ പറയുന്നു.

Top