കൊറോണയെ തടയാന്‍ കൂടെ നില്‍ക്കും, ഈ നിര്‍ദേശങ്ങള്‍ പാലിക്കണം; മുല്ലപ്പള്ളിയുടെ ‘ഒളിയമ്പ്’

തിരുവനന്തപുരം: കൊറോണ ബാധ കേരളത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വൈറസിനെ തടയാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് വ്യക്തമാക്കി കെപിസിസി രംഗത്ത്. അതേസമയം, സംസ്ഥാനത്തെ മദ്യശാലകളും ഈ ഘടത്തില്‍ അടച്ചുപൂട്ടുന്നതാണ് ഉചിതമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും അത്തരം പ്രവണതകള്‍ കാണിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കുന്നത് തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുക. അത് ഭീതി കൂട്ടും എന്നതിനാലാണ് അദ്ദേഹം അങ്ങനെ പ്രസ്താവിച്ചത്.

അതേസമയം, വിമനത്താവളത്തിലെ പരിശോധനയില്‍ ഗുരുതര വീഴ്ച പറ്റിയെന്നും വിദേശത്ത് നിന്ന് വരുന്നവരെ വിമാനത്താവളത്തില്‍ വച്ച് നേരത്തെ പരിശോധിക്കാന്‍ കഴിഞ്ഞെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ നടപടി വേണം. കൊറോണ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന തരത്തിലും മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു. വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നിര്‍ത്തിവെക്കണമെന്നും സര്‍ക്കാരിന്റെ നടപടി വരുമാനത്തിന് വേണ്ടിയാണെന്നും പ്രളയ ഫണ്ട് സിപിഎമ്മിന് കറവപശുവാണെന്നുമാണ് മുല്ലപ്പള്ളി തുറന്നടിച്ചത്. ഇതില്‍ അന്വേഷണം നടത്താനും ലൈഫ് മിഷന്‍ വീട് കിട്ടാത്തവരെ പങ്കെടുപ്പിച്ച് പ്രക്ഷോഭം നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള തടസ്സം കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലറാണെന്നും അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനാല്‍ അവരുടെ അഭാവത്തിലായിരുന്നു മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്.

Top