കൊറോണയുടെ മറവില്‍ പൂഴ്ത്തിവെപ്പ്? നിര്‍ദേശങ്ങളുമായി പിണറായിയും ചെന്നിത്തലയും

സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറസിന്റെ വ്യാപനത്തിന്റെ സാഹചര്യം അസാധാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍ക്കായുള്ള കൊറോണ പ്രതിരോധ ബോധവത്കരണ പരിപാടിയിലായില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കൊറോണക്കെതിരെ അതിശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സംയുക്തമായി ആഹ്വാനം ചെയ്തു. മന്ത്രി എ.സി മൊയ്തീനും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

അതേസമയം, ചെറിയ പിഴവ് പോലും ഇപ്പോഴത്തെ സ്ഥിതി വഷളാക്കാന്‍ ഇടയുണ്ടെന്നും ഈ സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ അതീവ ജാഗ്രതയോടെ ഇടപെടണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൂടാതെ ഭക്ഷ്യസാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും ഓഫീസുകള്‍, പൊതുസ്ഥലങ്ങള്‍, ബസ്സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് എന്നിവിടങ്ങള്‍നല്ല രീതിയില്‍ ശുചീകരണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആറ്റുകാല്‍ പൊങ്കാലയില്‍ കണ്ട മികവുറ്റ പ്രവര്‍ത്തനത്തെ അദ്ദേഹം പ്രശംസിച്ചു. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റിടങ്ങളിലും വേണമെന്നും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും എന്നാല്‍ അവരെ തടങ്കലില്‍ താമസിപ്പിക്കുന്നു എന്ന തോന്നലുണ്ടാക്കരുതെന്നും അതിനാലാണ് ക്വാറന്റൈന്‍ എന്ന വാക്കിന് പകരം ‘കെയര്‍ ഹോം’ എന്ന് ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടാതെ കേരളത്തിലുള്ള ജനത വളരെ സഹകരിക്കുന്നതായി അദ്ദേഹം വിലയിരുത്തി. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ജനങ്ങള്‍ വിവാഹങ്ങളും പൊതുപരിപാടികളും മാറ്റിവെച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ജാഗ്രത ഇനിയും തുടരണമെന്നും മരുന്നുകള്‍, പ്രതിരോധ സാമഗ്രികള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതല്‍ തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധ ഉണ്ടാകണമെന്നും പൂഴ്ത്തിവെപ്പ് പോലുള്ള ദുഷ്പ്രവണതകള്‍ തടയാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളില്‍ പലര്‍ക്കും തൊഴിലില്ലെന്നും അവര്‍ കൂട്ടം കൂടിനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും അത് രോഗവ്യാപനം ഉണ്ടാകാന്‍ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവരെ ബോധവത്കരിക്കല്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

ഇന്ത്യയില്‍ ആകെയുള്ള 6,50,000 ആശുപത്രികിടക്കകളില്‍ ഒരു ലക്ഷവും കേരളത്തിലാണ്. അതുകൊണ്ട് വയോജനങ്ങളോടും കൂടുതല്‍ കരുതല്‍ വേണം. പെയിന്‍ ആന്റ് പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതില്‍ വലിയ പങ്ക് വഹിക്കാനാകും. തീരദേശവാസികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍ ഇവരെല്ലാം പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലും ബോധവത്കരണം ശക്തമായി നടക്കണം. ആരേയും ഒറ്റപ്പെടുത്തുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ല എന്നും അദ്ദേഹം തദ്ദേശസ്ഥാപനങ്ങളോട് പറഞ്ഞു.

അതേസമയം ചില സംഭവങ്ങള്‍നാടിനുതന്നെ നാണക്കേടുണ്ടാക്കിയിട്ടുണ്ടെന്നും ഭീതി പടര്‍ത്തുന്ന രീതിയിലുള്ള ഇടപെടലുകള്‍ ഒഴിവാക്കണമെന്നും. അതിഥി തൊഴിലാളികള്‍ക്ക് പണിയില്ലാത്ത സാഹചര്യമുണ്ട്. അവരെക്കൂടി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top