കൊറോണ; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 293 പേര്‍

തിരുവനന്തപുരം: ലോകത്താകമാനം കൊറോണ വൈറസ് (കൊവിഡ്19) പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത വിവിധ ജില്ലകളിലായി 293 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍ 276 പേര്‍ വീടുകളിലും 17 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 20 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംശയാസ്പദമായവരുടെ 504 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 493 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി. ലോകത്താകമാനം 59 രാജ്യങ്ങളിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇറ്റലിയിലും ഇറാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചു. ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാ ആളുകളും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരോ 2020 ഫെബ്രുവരി 10 മുതല്‍ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോള്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ തുടരേണ്ടതാണ്. രോഗ ലക്ഷണമില്ലാത്തവര്‍ 14 ദിവസം വീടുകളില്‍നിരീക്ഷണത്തില്‍ തുടരണം. രോഗലക്ഷണമുള്ളവര്‍ ജില്ലകളിലെ ഐസോലേഷന്‍ സൗകര്യമുള്ള ആശുപത്രികളുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Top