കൊറോണ വൈറസ് ബാധിതര്‍ കൂടുന്നു; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് വ്യാപിക്കുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. ഇത്തരക്കാര്‍ക്ക് കോവിഡ് 19 പകര്‍ന്നാല്‍ അവരുടെ ആരോഗ്യസ്ഥിതി ഗുരുതരമാകുമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

60ന് മുകളില്‍ പ്രായമുള്ളവരും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും ഒരുകാരണവശാലും വീടിന് പുറത്തിറങ്ങരുത്. സമ്പര്‍ക്കം കുറയ്ക്കണം. വിദേശത്ത് നിന്നുള്ള ബന്ധുക്കളുമായി അടുത്ത് ഇടപഴകരുത്.ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. രോഗികള്‍, പതിവ് മരുന്നുകള്‍ മുടക്കരുത്. ഹൃദ്‌രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ മരുന്ന് മാറ്റുകയോ നിര്‍ത്തുകയോ അളവ് ക്രമീകരിക്കുകയോ ചെയ്യരുത്.

അസ്വാഭാവികമായി എന്ത് തോന്നിയാലും ഡോക്ടറുമായി ബന്ധപ്പെടണം. ശ്വാസകോശരോഗികള്‍ പുകവലി ഒഴിവാക്കണം. ഇന്‍ഹെയ്‌ലര്‍, അവശ്യമരുന്നുകള്‍ തുടങ്ങിയവ കരുതണം. അത്യാവശ്യഘട്ടത്തിലൊഴികെ ആശുപത്രിസന്ദര്‍ശനം ഒഴിവാക്കണം. സംശയങ്ങള്‍ ഡോക്ടറുമായി ഫോണില്‍ ചര്‍ച്ച ചെയ്യണം. നടത്തം നിന്നുപോയതുകൊണ്ട് വ്യായാമം ഉപേക്ഷിക്കരുത്. വെയില്‍ കൊള്ളാനും ചെറുവ്യായാമം ചെയ്യാനും ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പാക്കണം. പൊണ്ണത്തടി ഉള്ളവര്‍ക്കും വൈറസ് ബാധിക്കാന്‍ ഏറെ സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Top