വേര്‍തിരിവില്ല, ഒറ്റക്കെട്ട്; കൊറോണയെ തോല്‍പ്പിച്ച കേരളത്തിന് സല്യൂട്ടടിച്ച് കേന്ദ്രം

കേരളാ സര്‍ക്കാരിനെ പ്രശംസിച്ച് കേന്ദ്രം. ആഗോളതലത്തില്‍ തന്നെ ഭീതി പടര്‍ത്തുന്ന കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതില്‍ കേരളം വിജയിച്ചു. മഹാവ്യാധിയെ തോല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും ജനങ്ങളും ആരോഗ്യ അധികൃതരും ഒറ്റക്കെട്ടായി നിന്ന് എടുത്ത തീരുമാനങ്ങളാണ് കേന്ദ്ര പ്രശംസക്ക് കേരളത്തെ പാത്രമാക്കിയത്.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് കേരളത്തെ പ്രശംസിച്ചത്. കൊറോണ ബാധയെത്തുടര്‍ന്നുള്ള രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിതല ഉന്നത സമിതി യോഗത്തിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘കര്‍ക്കശമായ നിരീക്ഷണ സംവിധാനമാണ് കേരളം ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ട മൂന്ന് കൊറോണ ബാധിതരുടെയും ആരോഗ്യനില ഭദ്രമാണ്. ഇവര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്’. ഇതായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം, ബാങ്കോക്കില്‍നിന്ന് കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയ രണ്ടുപേരും ഡല്‍ഹിയില്‍ ഒരാളും നിരീക്ഷണത്തിലാണ്. ആരോഗ്യമന്ത്രിയും ക്യാബിനറ്റ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും എല്ലാ ദിവസവും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. സംസ്ഥാനങ്ങളുമായി രണ്ടുദിവസം കൂടുമ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ബന്ധപ്പെടുന്നുണ്ട്- മന്ത്രി പറഞ്ഞു.

ചൈനയില്‍ നിന്ന് കേരളത്തില്‍ വന്ന വിദ്യാര്‍ത്ഥികളാണ് കൊറോണ ബാധിച്ച് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ നെഗറ്റീവാണെന്ന് കണ്ടത്തി. മാത്രമല്ല ആലപ്പുഴയില്‍ നിരീക്ഷണത്തിലിരുന്ന കുട്ടി ഡിസ്ചാര്‍ജായി പോയതും കേരളത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്.

അതിജീവനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ, ജാതി-മത ഭേദമന്യേ കേരളം ഒറ്റക്കെട്ടായി നില്‍ക്കുമെന്നത് ഇത് ആദ്യ സംഭവമല്ല. നിപ്പ വന്നപ്പോഴും പ്രളയം വന്നപ്പോഴും ആഗോള രാജ്യങ്ങളില്‍ പോലും കേരളവും സര്‍ക്കാരും ചര്‍ച്ചാവിഷയമായിരുന്നു.

Top