പൂഴ്ത്തി വയ്‌പ്പോ വിലക്കയറ്റമോ കണ്ടാല്‍ ദാക്ഷിണ്യമില്ലാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അവസരം മുതലെടുത്ത് അവശ്യസാധനങ്ങള്‍ വിലകൂട്ടിവില്‍ത്താനോ പൂഴ്ത്തിവെക്കാനോ ഉള്ള ശ്രമം നടത്തുന്നവര്‍ക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം പരിശോധിക്കാന്‍ പ്രത്യേകം സംവിധാനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നേരത്തെ കൊവിഡ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കര്‍ക്കശ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ കാസര്‍കോഡ് ജില്ലയില്‍ നിന്നടക്കം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിനോദത്തിനും ആര്‍ഭാടത്തിനുമുള്ള ഒരുകടയും തുറക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ളവര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 105 ആയി. 72460 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരില്‍ 460 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 164 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. 4516 സംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3331 എണ്ണം നെഗറ്റീവായി.

Top