വൈറസിന്റെ മറവില്‍ ലക്ഷ്യം വേറെയോ? മുതലെടുപ്പ് നടത്തുന്നത് സാമ്രാജ്യത്വം!

കൊറോണ വൈറസിനെ കുറിച്ച് ലോക വ്യാപകമായി പ്രചരിക്കുന്ന ഒരു വാര്‍ത്ത, അത് ചൈനയുടെ ജൈവായുധമാണെന്നാണ്.

പ്രമുഖ അമേരിക്കന്‍ മാധ്യമമാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ വിവരം മറ്റു മാധ്യമങ്ങളും പിന്നീട് ഏറ്റെടുക്കുകയാണ് ചെയ്തത്.

ഇസ്രയേല്‍ ജൈവ ശാസ്ത്രജ്ഞനായ ഡാനി ഷോഹത്തിന്റെ വാദം മുന്‍നിര്‍ത്തിയായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. തീവ്ര വലതുപക്ഷ യാഥാസ്ഥിക നിലപാടുള്ള മാധ്യമമായ വാഷിങ്ടണ്‍ ടൈംസ് ഇതിന് എരിവു നല്‍കി ലോകത്തെ ആശങ്കപ്പെടുത്തുകയും ചെയ്തു. അവരുടെ ലക്ഷ്യവും ഏറെക്കുറേ വ്യക്തമാണ്. അതുകൊണ്ട് തന്നെയാണ് പ്രമുഖ ശാസ്ത്രജ്ഞരൊന്നും ഈ വിഷയത്തില്‍ പ്രതികരിക്കാതെയിരിക്കുന്നത്.

അമേരിക്കയുടെ ലോകത്തെ പ്രധാന എതിരാളിയും വെല്ലുവിളിയും ഇപ്പോള്‍ ചൈനയാണ്. സോവിയറ്റ് യൂണിയനെ പോലെ ചൈനയിലും കമ്യൂണിസ്റ്റ് ഭരണം തകര്‍ന്ന് കാണണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും ഈ സാമ്രാജ്യത്വ കഴുകനാണ്. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇതുവരെ ചൈനയില്‍ ഇടപെടാന്‍ അമേരിക്കക്ക് കഴിഞ്ഞിട്ടില്ല.

ഇപ്പോള്‍ കൊറോണ വിഷയം മുന്‍ നിര്‍ത്തി ചൈനയെ പ്രതിരോധത്തിലാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇതിനു പിന്നില്‍ അവരുടെ ചാര സംഘടനയായ സി.ഐ.എ ആണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ചൈനക്കെതിരെ ആരോപണമുന്നയിച്ച ഇസ്രയേല്‍ ജൈവ ശാസ്ത്രജ്ഞനും സി.ഐ.എയുമായി ബന്ധമുള്ളയാളാണ്.

ചൈനയുടെ പ്രധാന ജീവ ശാസ്ത്ര ഗവേഷണ ലാബുകള്‍ പ്രവര്‍ത്തിക്കുന്ന നഗരമാണ് വുഹാന്‍. ഇതിലൊന്ന് വൈറസിനെ പറ്റിയുള്ള പഠനങ്ങള്‍ക്കായി മാത്രം സ്ഥാപിതമായ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ്.

ഈ ലാബുകളില്‍ ജൈവായുധ ഗവേഷണം നടക്കുന്നുണ്ടെന്നാണ് ഡാനി ഷോഹാം ആരോപിക്കുന്നത്. ഒരു തെളിവിന്റെ പോലും പിന്‍ബലമില്ലാതെയാണ് ഈ ആക്ഷേപം. നെപ്പോളിയന്റെ രോഗാണുതന്ത്രമാണ് ചൈനപയറ്റുന്നതെന്നാണ് വലതുപക്ഷ മാധ്യമങ്ങളും ആരോപിക്കുന്നത്.

മാരകനശീകരണ ശേഷിയുളള രോഗാണുക്കളാണ് ജൈവായുധങ്ങളുടെ അടിസ്ഥാന ഘടകം. ആന്ത്രാക്‌സ്, വസൂരി, മലേറിയ, കോളറ, എബോള, ഡെങ്കി തുടങ്ങിയ രോഗങ്ങളെയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. നെപ്പോളിയന്‍ പല യുദ്ധങ്ങളിലും മലമ്പനി, വസൂരി തുടങ്ങിയ രോഗാണുതന്ത്രങ്ങള്‍ പയറ്റിയ ഭരണാധികാരിയാണ്.

ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനി യൂറോപ്പിലെ സഖ്യകക്ഷികള്‍ക്കെതിരെയും രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്‍ ചൈനയ്‌ക്കെതിരെയും ജൈവായുധം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മാരക രോഗാണുക്കള്‍ പ്രയോഗിച്ച് 2 ലക്ഷം ചൈനക്കാരെ ജപ്പാന്‍ കൊന്നൊടുക്കിയതായാണ് രേഖകള്‍. 1952 ല്‍ അമേരിക്കയും ഉത്തരകൊറിയയുടെ മേല്‍ ജൈവായുധം പ്രയോഗിച്ചതായി ആരോപണമുയര്‍ന്നിരുന്നു. കമ്മ്യൂണിസ്റ്റ് വിയറ്റ്‌നാമിലും ജൈവായുധ പ്രയോഗമുണ്ടായിട്ടുണ്ട്.

രാജ്യാന്തര യുദ്ധനിയമങ്ങള്‍ക്കു വിരുദ്ധമാണു ജൈവയുദ്ധം. ജൈവായുധം വിലക്കിയ 1925ലെ ജനീവ പ്രോട്ടോക്കോള്‍, 1972 ലെ ജൈവായുധ പരീക്ഷണം നിരോധിച്ച ഉടമ്പടി, തുടങ്ങിയവ രാജ്യാന്തര തലത്തില്‍ ഈ വിപത്തിനെതിരെ എടുത്ത മുന്‍കരുതലുകളാണ്.

ചരിത്രത്തില്‍ ഇന്നുവരെ ചൈന ജൈവായുധംപോലൊരു സാഹസത്തിന് മുതിര്‍ന്നിട്ടില്ല. മറിച്ച്, ആ ജനത സ്വയം ഇരകളാക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്. 2 ലക്ഷം ചൈനക്കാരെയാണ് മുന്‍പ് ഇത്തരം രോഗാണുക്കളെ ഉപയോഗിച്ച് ജപ്പാന്‍ കൊന്നൊടുക്കിയത്. യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെ തെറ്റായ പ്രചാരണമാണ് ലോകത്തിപ്പോള്‍ ആ രാജ്യത്തിനെതിരെ അഴിച്ചുവിട്ടിരിക്കുന്നത്.

ചുമ്മാ ആരേയും കയറി ആക്രമിക്കുന്ന രാജ്യമല്ല ചൈന. ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ ഒരു വെടിയുണ്ട പോലും ഉപയോഗിക്കേണ്ടി വന്നിട്ടില്ല എന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ്. കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിലെ സൈന്യത്തിന്റെ കെട്ടുറപ്പും വിവേകവും കൂടിയാണ് ഇവിടെ വ്യക്തമാകുന്നത്. ദോക് ലാമില്‍ ഇന്ത്യന്‍ സേനയും ചൈനീസ് സേനയും മുഖാമുഖം അണിനിരന്നപ്പോഴും ഒരു തീപ്പൊരി പോലും വീണിരുന്നില്ല. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിയുകയും ചെയ്തിട്ടുണ്ട്.

പണ്ട് ഇന്ത്യ- ചൈന യുദ്ധ കാലത്ത് അതിക്രമിച്ച് കയറിയ ചൈനീസ് സേന തിരുച്ചു പോയതും ചരിത്രമാണ്. സോവിയറ്റ് യൂണിയന്റെ ഇടപെടലും അന്ന് നിര്‍ണായകമായിരുന്നു.

മാനവരാശിക്ക് അപകടകാരിയാണ് ചൈനയെന്നും ഒരിക്കലും നമുക്ക് വിലയിരുത്താന്‍ കഴിയുകയില്ല. ആ രാജ്യത്തിന്റെ പാരമ്പര്യം പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകുന്നതുമാണ്. യഥാര്‍ത്ഥത്തില്‍ ഇന്ത്യ, റഷ്യ, ചൈന സഖ്യം ഉണ്ടാവരുതെന്ന് ഏറ്റവും അധികം ആഗ്രഹിക്കുന്നതുപോലും അമേരിക്കയാണ്. ലോകം തന്നെ ഈ കൂട്ടുകെട്ടിന് കീഴിലാകുമെന്ന് അവര്‍ ശരിക്കും ഭയപ്പെടുന്നുണ്ട്. ഇവിടേയും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് അമേരിക്ക പയറ്റുന്നത്.

ഒരു രാജ്യം വൈറസ് ഭീഷണി നേരിടുമ്പോള്‍ അതിനെ ചെറുക്കാന്‍ ഒപ്പം നില്‍ക്കുകയാണ് മറ്റു രാജ്യങ്ങള്‍ ചെയ്യേണ്ടത്. കൊറോണ വൈറസ് മാനവരാശിക്ക് തന്നെ ഭീഷണിയാണ്. ചൈനയ്ക്ക് മാത്രമല്ല ഇന്ത്യയുള്‍പ്പെടെ അനവധി രാജ്യങ്ങളാണ് ഇപ്പോള്‍ ഈ കാലനെ പേടിച്ചു കഴിയുന്നത്. 180ഓളം പേരാണ് ജനുവരി 30 വരെ മരിച്ചിരിക്കുന്നത്. വൈറസ് ബാധയേറ്റ് 29 ന് മാത്രം 38 പേരാണ് മരണപ്പെട്ടിരിക്കുന്നത്.

കേവലം 3 ദിവസം കൊണ്ട് കേരളമുള്‍പ്പടെ 7712 പേരെയാണ് കൊറോണ വൈറസ് ആക്രമിച്ചിരിക്കുന്നത്.

ജനുവരി 26 വരെ 2014 പേരെയാണ് ബാധിച്ചിരുന്നത്. ഇക്കാര്യം ലോകാര്യോഗ സംഘടനയും വ്യക്തമാക്കിയിരുന്നു.എന്നാല്‍ ജനുവരി 29 ന് പുറത്ത് വന്ന കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണം 7712 ആയി ഉയരുകയാണുണ്ടായത്. ഓസ്‌ട്രേലിയ, കാനഡ, അമേരിക്ക, ചൈന , തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, തായ്‌വാന്‍, ജപ്പാന്‍, മലേഷ്യ, ദക്ഷിണകൊറിയ, ഫ്രാന്‍സ്, വിയറ്റ്‌നാം, കംബോഡിയ, നേപ്പാള്‍, ശ്രീലങ്ക, ജര്‍മനി, സൗദി, ഇന്ത്യ എന്നിവടങ്ങളിലേക്കും കൊറോണാ വൈറസ് ബാധിച്ചു കിഴിഞ്ഞു.

ജനുവരി 29ന് 445 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തടത്ത് ഒരാഴ്ചക്കിടെ 16 ഇരട്ടിയായാണ് രോഗികള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. ഞെട്ടിക്കുന്ന കണക്കുകളാണിത്. 2003 ല്‍ ചൈനയില്‍ വ്യാപിച്ച സാര്‍സ് പകര്‍ച്ചവ്യാധിയേക്കാള്‍ ഭീകരമാണ് ഇപ്പോഴത്തെ സ്ഥിതി.

അടുത്ത ദിവസങ്ങളില്‍ ഇന്‍ഫെക്ഷന്‍ കൂടുതല്‍ പടര്‍ന്നു പിടിക്കുമെന്ന് പ്രമുഖ ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

അടുത്ത 10 ദിവസത്തിനുള്ളില്‍ പ്രതിസന്ധി കൈവിട്ട് പോകുമെന്നാണ് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷനിലുള്ള പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. സോംഗ് നാന്‍ ഷാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതു വരെ മരിച്ചവരില്‍ ഭൂരിപക്ഷവും പ്രഭവ കേന്ദ്രമായ വുഹാനില്‍ താമസിക്കുന്നവരാണ്. ഏറ്റവും ഒടുവിലായി സൗദിയിലും കേരളത്തിലുംകൂടി വൈറസ് ബാധ സ്ഥിരീകരിച്ചത് പരക്കെ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.

കേരളത്തില്‍നിന്ന് അയച്ച 20 സാംപിളുകളില്‍ ഒന്നിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ പത്തു സാംപിളുകള്‍ നൈഗറ്റീവ് ആണ്. ആറെണ്ണം ലാബ് അധികൃതര്‍ ഹോള്‍ഡ് ചെയ്തിരിക്കുകയാണ്. കൊറോണ സംശയിച്ച് ഐസലേറ്റ് ചെയ്ത നാലുപേരില്‍ ഒരാള്‍ക്കാണ് രോഗ ബാധയുള്ളത്. ആദ്യ ഘട്ട പരിശോധനയിലാണ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയിരിക്കുന്നത്. രോഗി നിലവില്‍ തൃശ്ശൂരില്‍ ഐസൊലേഷന്‍ വര്‍ഡില്‍ ചികിത്സയിലാണുള്ളത്.

ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍നിന്നെത്തിയ വിദ്യാര്‍ഥിനിക്കാണു രോഗം സ്ഥിരീകരിച്ചത്. ഈ വിദ്യാര്‍ത്ഥിനിക്കൊപ്പം സഞ്ചരിച്ചവരെ കണ്ടെത്തുന്നതാണിപ്പോള്‍ ആരോഗ്യ വകുപ്പ് നേരിടുന്ന വലിയ വെല്ലുവിളി. ഇന്ത്യയില്‍ ഇതാദ്യമായാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

kk-shailajaaaa

kk-shailajaaaa

വളരെയേറെ ശ്രദ്ധിക്കേണ്ട സാഹചര്യമാണിത്. ചൈനയില്‍നിന്ന് വന്നവരില്‍ ചിലര്‍ സ്വമേധയാ പരിശോധനയ്ക്ക് തയാറാവാത്തതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ലക്ഷക്കണക്കിന് മലയാളികള്‍, താമസിക്കുന്ന രാജ്യമായ സൗദി അറേബ്യയിലും വൈറസ് ആശങ്കയിലാണ് ജനങ്ങള്‍. ചൈനയിലെ വുഹാനില്‍ ഇപ്പോള്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും മലയാളികളാണെന്നതും ഞെട്ടിക്കുന്നതാണ്. ചൈനായാത്ര നടത്തുന്നവരില്‍ ഇന്ത്യക്കാര്‍ ഒട്ടും പിന്നിലല്ല. കേരളത്തില്‍ നിന്നു പോലും വ്യാവസായിക ആവശ്യത്തിനും മറ്റുമായി ദിവസവും ചൈനയിലേക്ക് യാത്ര ചെയ്യുന്ന നിരവധി പേരുണ്ട്. ഇപ്പോള്‍ യാത്രാ വിലയ്ക്ക് ഉള്ളതിനാല്‍ ആരും പോകുന്നില്ലന്ന് മാത്രം. ചൈനയില്‍ രോഗികളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന തൊണ്ണൂറായിരത്തിലധികം പേരാണ് നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധ മൂലം ന്യുമോണിയ പിടിപെട്ടവരുടെ എണ്ണവും കുതിച്ചുയര്‍ന്നിട്ടുണ്ട്.

കേരളത്തില്‍ 806 പേരാണ് വ്യാഴാഴ്ച വരെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 10 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 796 പേര്‍ അവരവരുടെ വീടുകളിലാണ് കഴിയുന്നത്. 16 പേരുടെ സാമ്പിളുകളാണ് പരിശോധനക്കായി പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. ഇതില്‍ 10 പേര്‍ക്കും രോഗബാധയില്ലന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് 6 പേരില്‍ ഒരാള്‍ക്കാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ജനങ്ങളും ഇപ്പോള്‍ വലിയ പരിഭ്രാന്തിയിലാണ്. ഈ സാഹചര്യത്തില്‍ വലിയ മുന്‍കരുതല്‍ ഉടനെ തന്നെ സ്വീകരിക്കേണ്ടതുണ്ട്. അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ് വിവേകത്തോട് കൂടി പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്.

നിപ്പ വന്നപ്പോള്‍ അതിന്റെ ഭീകരത കേരളവും കണ്ടതാണ്. ഭരണകൂടവും ജനങ്ങളും ഒത്തൊരുമിച്ച് നിന്നാണ് നിപ്പയെ ചെറുത്ത് തോല്‍പ്പിച്ചത്. ഇതിലും എത്രയോ വലിയ അപകടകാരിയാണ് കൊറോണ വൈറസ്.അതു കൊണ്ട് തന്നെ ജാഗ്രതയും വളരെ ആവശ്യമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ നാം ബാധ്യസ്ഥരാണ്.

ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കിയല്ല വൈറസ് പടര്‍ന്ന് പിടിക്കുന്നത് എന്നതും ഓര്‍ക്കണം. ഒറ്റക്കെട്ടായ പ്രതിരോധമാണ് നാടിന് വേണ്ടത്.

കൊറോണ വൈറസുകള്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും പിന്നെ അത് വ്യാപിക്കുകയുമാണ് ചെയ്യുന്നത്. ഇവ ശ്വാസനാളിയെയാണ് ആദ്യം ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ പ്രാഥമിക ലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍ സാര്‍സ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും പെട്ടന്ന് സംഭവിക്കാം. ചൈനയില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് ഇവയില്‍നിന്നും അല്‍പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്.

കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പുറത്ത് വരും. ഈ 14 ദിവസമാണ് നിര്‍ണായകം. വൈറസ് പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. തുമ്മല്‍, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും.
ഇക്കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം.

ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം ശരിക്കും പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയില്‍ വൈറസുകള്‍ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകള്‍ എത്തുകയും ചെയ്യും.

വൈറസ് സാന്നിധ്യമുള്ളയാളെ സ്പര്‍ശിക്കുമ്പോഴോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്കും പടരാം.

വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളിലും വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കള്‍ മറ്റൊരാള്‍ സ്പര്‍ശിച്ച് പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരാന്‍ സാധ്യതയുണ്ട്.

കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല എന്നതാണിപ്പോള്‍ ലോകം നേരിടുന്ന പ്രധാന വെല്ലുവിളി. പ്രതിരോധ വാക്‌സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാല്‍ രോഗിയെ മറ്റുള്ളവരില്‍ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നല്‍കേണ്ടത്. പകര്‍ച്ചപ്പനിക്ക് നല്‍കുന്നതു പോലെ ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയാണ് നിലവില്‍ നല്‍കിവരുന്നത്. പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണിവ. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി ധാരാളം വെള്ളം കുടിക്കേണ്ടതുമുണ്ട്. പൂര്‍ണ ആരോഗ്യവാനായ വ്യക്തിയില്‍ വൈറസ് ബാധ മരണകാരണമാകാറില്ല. എന്നാല്‍ ഹൃദ് രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മര്‍ഗങ്ങള്‍ ഇവയൊക്കെയാണ്…

1. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും നിര്‍ബന്ധമായും പാലിക്കണം.
2. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകിയിരിക്കണം.
3. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടേണ്ടതും അനിവാര്യമാണ്.
4. പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങള്‍ ഉള്ളവരോട് അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം.
5. മാസംവും മുട്ടയുമൊക്കെ നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാന്‍ പാടുള്ളൂ. പാതിവേവിച്ചവ ഒരിക്കലും കഴിക്കരുത്.
6. വേവിക്കാത്ത മാംസം, പാല്‍, മൃഗങ്ങളുടെ അവയവങ്ങള്‍ എന്നിവ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍. പാകം ചെയ്തതും പാകം ചെയ്യാത്തതുമായ മാംസം, മുട്ട, പാല് എന്നിവ ഒരുമിച്ചു സൂക്ഷിക്കുന്നത് ക്രോസ് കണ്ടാമിനേഷന്‍ എന്ന അവസ്ഥയ്ക്ക് തന്നെ ഇടയാക്കും. ഇതുവഴി രോഗാണുക്കള്‍ പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ രീതിയും ഒഴിവാക്കണം.
7. വളര്‍ത്തുമൃഗങ്ങളോട് പോലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ അടുത്ത് ഇടപഴകാന്‍ പാടില്ല.
8. രാജ്യാന്തര യാത്രകള്‍ ചെയ്യുന്നവര്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം.

ഈ എട്ടു കാര്യങ്ങള്‍ പാലിച്ചാല്‍ കൊറോണ വൈറസ് ബാധയില്‍ നിന്ന് രക്ഷപ്പെടാന്‍ നമുക്ക് കഴിയും. ഇതല്ലാതെ മറ്റൊരു മാര്‍ഗവും നമ്മുടെയെന്നല്ല ലോകത്തിന് മുന്നില്‍ തന്നെയില്ല. പ്രതിരോധിച്ചില്ലെങ്കില്‍ ലോക ഭൂപടത്തെ തന്നെ ശവപറമ്പാക്കാന്‍ ശേഷിയുള്ള ‘കാലനാണ്’ കൊറോണ വൈറസ്. ഇക്കാര്യം എപ്പോഴും നമ്മളുടെ ഓര്‍മ്മയിലുണ്ടായിരിക്കുന്നത് നല്ലതാണ്.

Staff Reporter

Top