കണ്ണൂരില്‍ ക്വാറന്റൈന്‍കാലാവധി കഴിഞ്ഞ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ രണ്ട് കണ്ണൂര്‍ സ്വദേശികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തി നാല്‍പത് ദിവസം പിന്നിട്ടയാള്‍ക്കും 37 ദിവസം കഴിഞ്ഞ യുവതിക്കുമാണ് രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നിട്ടും വൈറസ്ബാധ സ്ഥിരീകരിച്ചത്. കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ മറ്റൊരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

വിദേശത്തുനിന്നെത്തിയവരുടെ കൂടുതല്‍ പരിശോധന തുടരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ദുബായില്‍ നിന്നെത്തിയ മൂരിയാട് സ്വദേശിക്കാണ് 40 ദിവസത്തിന് ശേഷം രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 17 നാണ് 21 കാരന്‍ കരിപ്പൂരില്‍ വിമാനം ഇറങ്ങിയത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ സമയം യാതൊരു രോഗലക്ഷണവും ഉണ്ടായിരുന്നില്ല.

വിദേശത്ത് നിന്നെത്തിയ എല്ലാവരെയും പരിശോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച നടത്തിയ ടെസ്റ്റിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകിരിച്ചത്. ഇയാളെ അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാമത്തെയാളായ ചെറുവാഞ്ചേരി സ്വദേശിയായ 20 കാരി മാര്‍ച്ച് 21 കൊച്ചിയിലാണ് വിമാനമിറങ്ങിയത്. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇവര്‍ക്ക് 37 ദിവസത്തിന് ശേഷം കൊവിഡ് സ്ഥിരീകരിച്ചു.

കണ്ണൂരില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂരിയാട് സ്വദേശിയായ മൂന്നാമത്തെയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. മാര്‍ച്ച് 17 ന് മുമ്പ് വിദേശത്ത് നിന്നെത്തിയ 650 പേരെ പരിശോധിച്ചതില്‍ 53 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 17 ശേഷംനാട്ടില്‍ വന്നവരില്‍ പരിശോധിച്ച 733 പേരില്‍ 34 ആളുകള്‍ക്കാണ് കൊവിഡ് ബാധയുണ്ടായത്.

Top