കൊവിഡ് 19; തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി

പത്തനംതിട്ട: കൊവിഡ് 19 സംസ്ഥാനത്ത് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങള്‍ മുഖേന ഷെയര്‍ ചെയ്യരുതെന്ന് സര്‍ക്കാര്‍. ജില്ലാ ഭരണകൂടവും സര്‍ക്കാരില്‍ നിന്നും തരുന്ന വിവരങ്ങള്‍ മാത്രമേ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാവൂ.അല്ലാത്ത പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അസുഖം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം പൊതു ഇടങ്ങളിലെ സമ്പര്‍ക്കം ഒഴിവാക്കുക, പൊതു ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നതാണ്. അസുഖ ബാധിതരുമായി ഒരു മീറ്ററില്‍ കുറഞ്ഞ സാഹചര്യത്തില്‍ ഇടപഴകുമ്പോഴാണ് രോഗം പകരാന്‍ ഇടയാകുന്നത്.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റുള്ളവര്‍ക്ക് പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കുക. കൃത്യമായ ഇടവേളകളില്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. ഈ രണ്ട് നിര്‍ദേശങ്ങള്‍ അടങ്ങിയ കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട വീഡിയോകള്‍ സര്‍ക്കാരിന്റെ വിവിധ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജുകളിലും മറ്റ് സോഷ്യല്‍ മീഡിയകളിലും ലഭ്യമാണ്.

രോഗലക്ഷണമുള്ളവരില്‍ നിന്നും വ്യക്തി സമ്പര്‍ക്കം ഒഴിവാക്കണം. പരമാവധി പൊതുപരിപാടികള്‍ ഒഴിവാക്കണം. ആരോഗ്യ വകുപ്പിന്റെ എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണം. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം രോഗബാധിതര്‍ മാത്രമാണ് മാസ്‌ക്ക് ഉപയോഗിക്കേണ്ടത്.

Top