എട്ട് മിനിറ്റില്‍ കൊറോണയെ കണ്ടെത്താം; അത്ഭുത ടെസ്റ്റ് കിറ്റുമായി ചൈന

ചൈന: കൊറോണ വൈറസ് ബാധിച്ചവരെ കണ്ടെത്താന്‍ പുതിയ സംവിധാനം വികസിപ്പിച്ചെടുത്ത് ചൈനീസ് വിദഗ്ധര്‍. രോഗികളെ അതിവേഗം പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ സാധിക്കുന്ന ന്യൂക്ലിക് ടെസ്റ്റ് കിറ്റ് ചൈനയില്‍ വിതരണം ചെയ്യുന്നുണ്ട്. എട്ട് മുതല്‍ 15 മിനിറ്റിനുള്ളില്‍ ഈ കിറ്റിന് വൈറസ് കണ്ടെത്താന്‍ കഴിയുമെന്ന് സിറ്റി ബ്യൂറോ ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി അറിയിച്ചു.

കിറ്റിന് ഉയര്‍ന്ന സംവേദനക്ഷമത ഉള്ളതിനാല്‍ ഉപയോഗിക്കാന്‍ എളുപ്പമുള്ളതും കൊണ്ടുപോകാന്‍ എളുപ്പവുമാണെന്ന് ബ്യൂറോ അഭിപ്രായപ്പെടുന്നു. വരും ദിവസങ്ങളില്‍ പകര്‍ച്ചവ്യാധി തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഇത് സുപ്രധാന പങ്കുവഹിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വൈറല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെയും വുക്‌സി ആസ്ഥാനമായുള്ള ഹൈടെക് കമ്പനിയുടെയും വിദഗ്ധരുടെ സംയുക്ത പ്രവര്‍ത്തനമാണ് ഈ കിറ്റ്. ഒരു ദിവസം 4,000 കിറ്റുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു. ഉല്‍പാദനം വിപുലീകരിക്കാന്‍ സര്‍ക്കാരും കമ്പനിയെ സഹായിക്കും.

Top