യുവാവിന് കൊറോണ; ഇറ്റലിയില്‍ നിന്നെത്തിയ എല്ലാവരെയും നിരീക്ഷണത്തില്‍ വയ്ക്കും

തിരുവനന്തപുരം: ഇറ്റലിയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്ക് കൊറോണ വൈറസ് ബാധ ഉണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇറ്റലിയില്‍ നിന്നെത്തുന്ന എല്ലാവരെയും മെഡിക്കല്‍ കോളേജില്‍ തന്നെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ തീരുമാനം. ജില്ലാകളക്ടര്‍ വിളിച്ച അടിയന്തരയോഗത്തിലാണ് തീരുമാനമെടുത്തത്.

വെളളനാട് സ്വദേശിയായ യുവാവ് ഇറ്റലിയില്‍ നിന്ന് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് 2 ദിവസം മുന്‍പ് തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് നേരെ പോയത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ്. എന്നാല്‍ പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ തിരിച്ചയക്കുകയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

പനി ലക്ഷണം തോന്നിയതോടെ ഇയാള്‍ ദിശ നമ്പറില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥിരീകരണത്തിനായി സാമ്പിള്‍ ആലപ്പുഴ ലാബില്‍ അയച്ചിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയില്‍ ആശുപത്രിയില്‍ 5 പേരും വീട്ടില്‍ 160 പേരുമാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉളളത്.

Top