കോഴിക്കോട് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ജില്ലയില്‍ മൊത്തം അഞ്ച് പേര്‍ക്ക് രോഗം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ബ്രസീലില്‍ നിന്നും ഡല്‍ഹി വഴി കോഴിക്കോട് എത്തിയ വ്യക്തിക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.

ബ്രസീലില്‍ നിന്ന് യാത്ര ആരംഭിച്ചു ദുബായ് വഴി 21ന് രാവിലെ 8 ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇയാള്‍ ഒരു ദിവസം വിമാനത്താവളത്തില്‍ തങ്ങിയ ശേഷം പിറ്റേദിവസം (22.03.2020) ന് രാവിലെ 8.20 നുള്ള എയര്‍ ഇന്ത്യയുടെ എഐ 425 (ഡല്‍ഹി-കരിപ്പൂര്‍) വിമാനത്തില്‍ രാവിലെ 11.30ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി.

എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായതിനാല്‍ ഉടനെ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രോഗം സ്ഥിരീകരിച്ച ഒരു കാസര്‍ഗോഡ് സ്വദേശിയും കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലുണ്ട്.

Top