ദുരിതം പേറി ചൈന ;അനുവാദമില്ലാതെ പുറത്തിറങ്ങരുത്, മാസ്‌കില്ലെങ്കില്‍ അഴിക്കുള്ളില്‍

കൊറോണ വൈറസിന്റെ ഉത്ഭവസ്ഥാനമെന്ന നിലയിലും ലോകത്താദ്യമായി കൊറോണ സ്ഥിരീകരിച്ച സ്ഥലമെന്ന നിലയിലും ഏറെ കുപ്രസിദ്ധമാണ് ചൈനയിലെ വുഹാന്‍ ഇപ്പോള്‍. എന്നാല്‍ ഇവിടുത്തുകാരിപ്പോഴനുഭവിക്കുന്നത് പറഞ്ഞറിയിക്കാനാവാത്തത്രയും തീവ്രമായ അവസ്ഥയാണ്. മാസ്‌ക് ധരിച്ചല്ലാതെ പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദമില്ല. മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇവരെ അഴിക്കുള്ളിലുമാക്കും.

അനുവാദമില്ലാതെ പൊതുയിടങ്ങളിലൊന്നും ഇവര്‍ക്ക് പ്രവേശനമില്ല. വീട്ടിലൊരാള്‍ക്കെങ്കിലും കൊറോണ ബാധ സ്ഥിരീകരിച്ചാല്‍ പിന്നീട് കുടംബം മുഴുവനും വീട്ടു തടങ്കലിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ വീട് കൊട്ടിയടക്കും. കൊറോണ രോഗം കാട്ടു തീ പോലെ പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ അധികൃതര്‍ ചെയ്യുന്ന നടപടി ക്രമങ്ങളാണിവ. ലോകത്ത് കൊറോണ വൈറസ് ബാധ മൂലം ഏറ്റവും കൂടുതലാളുകള്‍ മരിച്ചയിടമാണ് വുഹാന്‍.

ചൈനയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 722 ആയി. 86 ആണ് ഇന്നലത്തെ മാത്രം മരണസംഖ്യ. ചൈനയിലേക്കും ചൈനയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കാന്‍ അതത് രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജപ്പാനില്‍ നിന്നുള്ള കപ്പലിലെ 61 പേര്‍ക്ക് കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. 3,399 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 34,500 പേര്‍ക്ക് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Top