കൊറോണ മരണം 908; രോഗബാധിതര്‍ 40,171 , സാര്‍സിനെയും മറികടന്ന് മരണസംഖ്യ

ബെയ്ജിങ്: കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 908 ആയി. കണക്കുകള്‍ പ്രകാരം കൊറോണ ബാധിച്ചവരുടെ എണ്ണം 40,171 ആയി വര്‍ധിച്ചു. എന്നാല്‍ പുതിയതായി റിപ്പോര്‍ട്ടുചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ ഒരാഴ്ച്ചയായി കുറവു വന്നിട്ടുണ്ടെന്ന് ചൈനീസ് ദേശീയ ആരോഗ്യകമ്മീഷന്‍ അറിയിച്ചു. കൊറോണ ബാധ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഹുബൈ പ്രവിശ്യയിലാണ്. ചൈനയില്‍ പുതുതായി 444 പേര്‍ക്കാണ് ഒരാഴ്ച്ചക്കിടയില്‍ രോഗബാധ കണ്ടെത്തിയത്.

എന്നാല്‍ ഹുബൈയിലെയും വുഹാനിലെയും സ്ഥിതി അതിഗുരുതരമാണെന്നും രോഗബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മിഖായേല്‍ റയാന്‍ പറഞ്ഞു. അതേസമയം വൈറസ് ബാധ നേരിടുന്ന സാഹചര്യത്തില്‍ 4300 കോടി ഡോളര്‍ വീണ്ടും അനുവദിക്കുമെന്ന് ചൈനീസ് കേന്ദ്രബാങ്ക് പ്രഖ്യാപിച്ചു. 2003ലെ സാര്‍സ് ബാധയില്‍ പത്തിലേറെ രാജ്യങ്ങളിലായി 774 പേരാണ് മരിച്ചത്.

Top