കൊറോണ ബാധിതയായ യുവതിക്ക് ആരോഗ്യമുള്ള കുഞ്ഞ് പിറന്നു

ബെയ്ജിങ്: ചൈനയില്‍ കൊറോണ ബാധിതയായ യുവതി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കി. ചൊവ്വാഴ്ചയാണ് സംഭവം. വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ ആശുപത്രിയിലാണ് യുവതി പ്രസവിച്ചത്. യുവതി സിസേറിയന്‍ വഴിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കൊറോണ സാന്നിധ്യം പരിശോധിക്കുന്നതിനായി പ്രസവിച്ച ഉടനെ കുഞ്ഞിന്റെ ആദ്യത്തെ ന്യൂക്ലിക് ആസിഡ് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലമാണ് നെഗറ്റീവായത്. എന്നാല്‍ വൈറസിന്റെ അഭാവം സ്ഥിരീകരിക്കുന്നതിനായി അടുത്ത ദിവസങ്ങളില്‍ വീണ്ടും പരിശോധന നടത്തുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുഞ്ഞിനെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

ഫെബ്രുവരി ഏഴിനാണ് യുവതിയെ ഷാങ്‌ലൂ നഗരത്തിലെ സെന്‍ട്രല്‍ ആശുപത്രിയില്‍ നിന്നും വിദഗ്ധ പരിശോധനയ്ക്കായി ഷാങ്‌സിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യ വിദഗ്ധരടങ്ങുന്ന സംഘം അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ ഉറപ്പാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. അതേസമയം ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,016 ആയി. തിങ്കളാഴ്ച മാത്രം മരിച്ചത് 103 പേരാണ്. രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 40,000 കവിഞ്ഞു.

Top