കൊറോണ; രോഗവ്യാപനം തടയാന്‍ കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് 29 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗവ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ കരുതല്‍ നടപടികള്‍ ശക്തമാക്കി. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ ദിവസേന വിലയിരുത്തുന്നതായും എല്ലാ രാജ്യാന്തര യാത്രക്കാരെയും പരിശോധിക്കാന്‍ തീരുമാനമായതായും അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കി.

ഗുരുഗ്രാമിലെ പേടിഎം ജീവനക്കാരനാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലെത്തിയ 16 ഇറ്റാലിയന്‍ വിനോദ സഞ്ചാരികളില്‍ വൈറസ് സ്ഥിരീകരിച്ചതാണു രോഗബാധിതരുടെ എണ്ണം ഉയരാന്‍ കാരണം. ഇതിനു പുറമെ വിദേശരാജ്യങ്ങളിലുള്ള 17 ഇന്ത്യക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.അതേസമയം രാജ്യത്ത് കൂടുതല്‍ പേരുടെ പരിശോധനാഫലം ഇന്ന് പുറത്ത് വരും. ഇതിനിടെ ജയ്പൂരില്‍ രോഗം ബാധിച്ച ഇറ്റാലിയന്‍ പൗരനെ ചികിത്സിച്ച ആശുപത്രി ജീവനക്കാര്‍ക്കും അയാള്‍ താമസിച്ച ഹോട്ടലിലെ ജീവനക്കാര്‍ക്കും കൊറോണ ബാധ ഇല്ലെന്ന് പരിശോധന ഫലം പുറത്ത് വന്നത് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.

വിദേശത്തുനിന്നുവരുന്ന എല്ലാവരെയും പരിശോധനയ്ക്കു വിധേയരാക്കും. സിബിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാഹാളിലേക്ക് മാസ്‌കും ഹാന്‍ഡ് സാനിറ്റൈസറും കൊണ്ടുപോകാന്‍ അനുവദിക്കും. വ്യാപകമായി ബോധവല്‍കരണ പരിപാടികളും സംഘടിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Top