വിമാനത്താവളത്തില്‍ ഭീകര പിഴവ്, പുറത്തുവിട്ടത് സാക്ഷാല്‍ ‘കാലനെ’

കൊറോണ വൈറസ് കേരളത്തിലും പടരുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ ജാഗ്രതയോടു കൂടിയുള്ള ഇടപെടലാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നത്.

മാരകമായ വൈറസു ബാധിച്ചവര്‍ ഇറ്റലിയില്‍ നിന്നും വന്നപ്പോള്‍ പരിശോധിക്കാതിരുന്നത് ഗുരുതരമായ തെറ്റുതന്നെയാണ്.

ദീര്‍ഘവീക്ഷണത്തോടെ നടപടി സ്വീകരിക്കുന്നതില്‍ വിമാനതാവള നിയന്ത്രണമുള്ള ഉദ്യോഗസ്ഥര്‍ക്കും വലിയ പിഴവാണ് സംഭവിച്ചിരിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഇതിന് മറുപടി പറയേണ്ടതുണ്ട്. കൊറോണ വൈറസിനെ തുരത്താന്‍ വിമാന താവളങ്ങളിലാണ് യഥാര്‍ത്ഥത്തില്‍ പരിശോധന ശക്തമാക്കേണ്ടിയിരുന്നത്. വിദേശത്ത് നിന്നും വരുന്നവരുടെ മുഴുവന്‍ വിവരങ്ങളും അറിയാവുന്നതും വിമാനത്താവള അധികൃതര്‍ക്കുമാത്രമാണ്. സ്വര്‍ണ്ണക്കടത്ത് പിടിക്കാന്‍ കാണിക്കുന്ന ജാഗ്രതയുടെ ചെറിയ ഒരു ശതമാനം അവര്‍ കാണിച്ചിരുന്നു എങ്കില്‍ ഈ നാട് ഇന്ന് ഇത്രക്കും ആശങ്കപ്പെടില്ലായിരുന്നു.

കൊറോണ വൈറസ് സംഹാരതാണ്ഡവമാടുന്ന ഇറ്റലിയില്‍ നിന്നു വരുന്നവരെ പോലും, പൂര്‍ണമായും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. അപ്പോള്‍ പിന്നെ മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്നവരോടുള്ള സമീപനം എന്തായിരിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ.

യാത്രക്കാരുടെ സമ്മതം വാങ്ങിയല്ല, ഇത്തരം പരിശോധനകള്‍ നടത്തേണ്ടത്. നിര്‍ബന്ധപൂര്‍വ്വം തന്നെ നടത്തേണ്ടതാണത്. ഇപ്പോള്‍ സ്വീകരിച്ച നടപടി മുന്‍പേ എടുത്തിരുന്നെങ്കില്‍ ഈ ഭീതി തന്നെ ഒഴിവാക്കാമായിരുന്നു.

വിമാനത്താവളത്തിലെ അശ്രദ്ധ സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളെയാണിപ്പോള്‍ താളം തെറ്റിച്ചിരിക്കുന്നത്.

ഇതിന് ഒരിക്കലും മാപ്പ് കൊടുക്കാന്‍ കഴിയുകയില്ല, കര്‍ശന നടപടി തന്നെ ആവശ്യമാണ്. തെറ്റ് കേന്ദ്ര ഉദ്യോഗസ്ഥര്‍ ചെയ്താലും സംസ്ഥാനത്തെ ഉദ്യാഗസ്ഥര്‍ ചെയ്താലും നടപടി അനിവാര്യമാണ്.

അതുപോലെ തന്നെ, യാത്ര ചെയ്ത് വരുന്നവരും ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. നിങ്ങള്‍ക്കായി വാതില്‍ തുറന്നിട്ടതു കൊണ്ടാണ് ഈ അവസ്ഥ നാടിപ്പോള്‍ അനുഭവിക്കുന്നത്. സ്നേഹത്തോടെ ചികിത്സക്ക് പ്രേരിപ്പിക്കുന്നവരെ പോലും കമ്പളിപ്പിക്കുന്നവര്‍ അപകടമാണ് വിളിച്ചു വരുത്തുന്നത്. സ്വയം മാത്രമല്ല, മറ്റുള്ളവരെ കൂടി നശിപ്പിക്കാനേ ഈ സമീപനം ഉപകരിക്കുകയൊള്ളു.

യാത്ര ചെയ്ത് വരുന്നവര്‍ക്ക് ഒരു ‘കുതിരപവന്‍’ വിമാനതാവളത്തില്‍ പ്രഖ്യാപിച്ചാല്‍ അത് ചോദിച്ച് വാങ്ങാതെ ഒരാളും തന്നെ പുറത്ത് വരികയില്ല. എന്നാല്‍ പരിശോധനയുടെ കാര്യമായപ്പോള്‍ അറിഞ്ഞില്ല, ചോദിച്ചില്ല എന്നൊക്കെയാണ് പലരുടെയും വാദം. അവസരവാദപരമായ നിലപാടാണിത്. സര്‍ക്കാര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കുന്നത് കുറച്ചിലായി കാണുന്ന മാന്യന്‍മാരും ഇക്കുട്ടത്തിലുണ്ട്.ഇവരെയൊക്കെ യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് ജനങ്ങള്‍ തന്നെയാണ് തീരുമാനിക്കേണ്ടത്.

സ്വന്തം പൗരന്‍മാരെ മാത്രമല്ല വിദേശ പൗരന്‍മാരെ വരെ ചൈനയില്‍ നിന്നും ഇറ്റലിയില്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടു വന്ന രാജ്യമാണ് ഇന്ത്യ. ഈ വിശാല മനസ്സാണ് ചിലരിവിടെ ദുരുപയോഗം ചെയ്തിരിക്കുന്നത്.

പൊങ്കാലയില്‍ പങ്കെടുക്കരുതെന്ന കേരള സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ചെത്തിയ, വിദേശികള്‍ ചെയ്തതും വലിയ തെറ്റു തന്നെയാണ്. അവരെ പറഞ്ഞയച്ച ഹോട്ടലിന്റെ ലൈസന്‍സാണ് ശരിക്കും ഇനി റദ്ദാക്കേണ്ടത്.

ചൈനയെയും ഇറ്റലിയെയും മുള്‍മുനയില്‍ നിര്‍ത്തിയ വൈറസ് ഇതിനകം തന്നെ 82 രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. പത്തനംതിട്ടയ്ക്കു പുറമെ കൊച്ചിയില്‍ കൂടി കൊറോണ റിപ്പോര്‍ട്ട് ചെയ്തത് സ്ഥിതിയിപ്പോള്‍ ഏറെ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.

ഇറ്റലിയില്‍ നിന്നും വന്ന നിരവധി യാത്രക്കാര്‍ ഇനിയും പരിശോധന നടത്താനുണ്ടെന്ന രാജു എബ്രഹാം എം.എല്‍.എയുടെ പ്രതികരണവും ഏറെ ആശങ്ക ഉയര്‍ത്തുന്നതാണ്.

പ്രതിരോധരംഗത്ത് കേരളം കൈവരിച്ച നേട്ടം മാത്രമാണ് നമ്മുടെ ഏക കരുത്ത്. ലോകത്തിന് തന്നെ മാതൃകയായ കരുത്താണത്.

നിപ്പയെ തുരത്തി ഈ നാട് അത് കാണിച്ചു കൊടുത്തിട്ടുള്ളതുമാണ്. കൊറോണ വൈറസ് ഇല്ലാതാകും വരെ പോരാടേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്.

ജാഗ്രതയോടു കൂടിയുള്ള ഇടപെടലാണ് ഇതില്‍ പ്രധാനം. ആരോഗ്യ വിദഗ്ദരും സര്‍ക്കാറും നല്‍കുന്ന നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിക്കേണ്ടതുണ്ട്.

സാമൂഹിക മര്യാദകള്‍ പാലിച്ചാല്‍ തന്നെ കൊറോണയെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ നമുക്ക് കഴിയും.

സാര്‍സ് വൈറസിന്റെ മരണ നിരക്ക് ആറു ശതമാനം വരെയാണെങ്കില്‍ കൊറോണയുടേത് വെറും 2 ശതമാനം മാത്രമാണ്. അതിനാല്‍ ഒരു പ്രദേശത്ത് ഒരാള്‍ക്കു രോഗം വന്നു എന്നു വച്ച് ആ പ്രദേശത്തെ എല്ലാവരേയും രോഗം ബാധിക്കണമെന്നില്ല.

ആളുകളിലൂടെ മാത്രം പകരാന്‍ സാധ്യതയുള്ള രോഗമായതിനാല്‍ ജാഗ്രത തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം. വിമാനത്താവളങ്ങളിലും ബസ് സ്റ്റാന്‍ഡുകളിലും ട്രെയിനുകളിലും വ്യക്തികള്‍ ആരോഗ്യപരമായ ജാഗ്രതയാണ് പാലിക്കേണ്ടത്. ആളുകള്‍ കൂട്ടം കൂടുന്നതും കുറയ്ക്കേണ്ടതുണ്ട്. രോഗ ബാധിതനായ വ്യക്തിയില്‍ നിന്നും ഒരു മീറ്റര്‍ പാലിച്ചാല്‍ തന്നെ സുരക്ഷിത അകലമാകും. ഈ വൈറസ് പിടിപെട്ടാല്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ ഒരാഴ്ചയാണ് എടുക്കാറുളളത്.

കൈ കൊടുക്കുന്നതു തല്‍ക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. പൊതു ഇടങ്ങളില്‍ തുപ്പുകയും ചീറ്റുകയും ചെയ്യുന്നതും അവസാനിപ്പിക്കുകയും വേണം. തൂവാല വച്ചു പൊതിഞ്ഞു തുമ്മുന്നതാണ് ഉചിതം. പുറത്തുപോയി വന്നാലുടന്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതും വായിലും മൂക്കിലും കണ്ണിലും വെറുതെ സ്പര്‍ശിക്കാതിരിക്കുന്നതും നല്ലതാണ്. ചുമ, മൂക്കൊലിപ്പ് തുടങ്ങിയ പനി ലക്ഷണങ്ങളുണ്ടെങ്കില്‍ ഡോക്ടറെ കാണുകയാണ് വേണ്ടത്. ഇത്തരക്കാര്‍ ധാരാളം വെള്ളവും കുടിക്കേണ്ടതുണ്ട്.

കൊറോണ വൈറസിന് ഇതുവരെയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വൈറസ് പരക്കുന്നത് തടയുക മാത്രമാണ് ഏക പ്രതിവിധി. ഒരാളില്‍നിന്നു മറ്റൊരാളിലേക്കു പകരുന്നതു തടയാന്‍ കഴിഞ്ഞൂ എന്ന് ഉറപ്പായാലേ വൈറസ് നിയന്ത്രണത്തിലായി എന്ന് വിലയിരുത്താന്‍ കഴിയുകയുള്ളൂ.

വായിലൂടെയും മൂക്കിലൂടെയും ശ്വാസകോശത്തില്‍ കയറിക്കൂടി വളരെ വേഗം വ്യാപിക്കുന്ന വൈറസാണ് കൊറോണ വൈറസ്. കൂടുതല്‍ ശരീര കോശങ്ങളിലേക്കു കടക്കുന്നതോടെയാണ് രോഗം മാരകമാകുന്നത്. പതിവ് ജലദോഷ വൈറസിനെതിരെ നമ്മുടെ ശരീരത്തിന് കുറെയേറെ പ്രതിരോധശേഷിയുണ്ട്. എന്നാല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ശരീരത്തിന് തീരെ കുറവായിരിക്കും. അതാണ് കൊറോണ വളരെ വേഗം പടരാന്‍ പ്രാധന കാരണം.

മരണമടഞ്ഞവരെല്ലാം നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും ആരോഗ്യപ്രതിരോധ ശേഷി കുറഞ്ഞവരുമാണ്. ആളുകളെ വീടുകളില്‍നിന്നു പുറത്തിറങ്ങാത്ത വിധം നിയന്ത്രിച്ച ചൈനയുടെ നടപടി തന്നെയാണ് ഇക്കാര്യത്തില്‍ ഇന്ത്യയും ഇനി പിന്തുടരേണ്ടത്. മാര്‍ച്ച് 9 വരെ 42 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധയേറ്റിരിക്കുന്നത്.

ചൈനയില്‍ ഇപ്പോള്‍ കൊറോണ വൈറസ് നിയന്ത്രണ വിധേയമായി കഴിഞ്ഞു. മരണ നിരക്കും രോഗ വ്യാപനവും വളരെയേറെ കുറഞ്ഞിട്ടുണ്ട്. ആദ്യം പകച്ച ചൈന പിന്നീട് സടകുടഞ്ഞെഴുന്നേറ്റാണ് വൈറസിനെ പിടിച്ചുകെട്ടിയിരിക്കുന്നത്. നിപ്പയെ തുരത്തിയ കേരളം തുടക്കം മുതല്‍ തന്നെ ഈ ജാഗ്രതാ നിര്‍ദ്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.

Staff Reporter

Top