തായ് ഡോക്ടർമാരുടെ കണ്ടുപിടുത്തം, പ്രതീക്ഷയോടെ ലോകരാജ്യങ്ങൾ !

കൊറോണാ വിതച്ച ഭീതികള്‍ക്കിടയിലും ലോകത്തിന് ഒരു ആശ്വാസ വാര്‍ത്ത.

പുതിയ കൊറോണാവൈറസ് ബാധിച്ച രോഗികള്‍ക്ക് വിജയകരമായി ചികിത്സ നല്‍കിയിരിക്കുന്നത് തായ് ഡോക്ടര്‍മാരാണ്. പനിയുടെയും, എച്ച്ഐവിയുടെയും മരുന്നുകള്‍ ഒരുമിച്ച് പ്രയോഗിച്ചാണ് വിജയം കണ്ടതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മരുന്ന് പരീക്ഷിച്ച് 48 മണിക്കൂറില്‍ തന്നെ മികച്ച രീതിയില്‍ രോഗം ഭേദമായി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാങ്കോക്കിലെ രാജവീഥി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് കൊറോണാവൈറസ് ചികിത്സയില്‍ പുതിയ വഴി പരീക്ഷിച്ചിരിക്കുന്നത്. ഇവരുടെ പരിചരണത്തില്‍ നിരവധി രോഗികളുടെ അവസ്ഥ മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 10 ദിവസം മുന്‍പ് വുഹാനില്‍ നിന്നെത്തി കൊറോണാവൈറസ് പോസിറ്റീവായി കണ്ടെത്തിയ 70 വയസ്സുള്ള ചൈനീസ് സ്ത്രീയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

എച്ച്ഐവിയെ നേരിടാന്‍ ഉപയോഗിക്കുന്ന ലോപിനാവിര്‍, റിടോനാവിര്‍ എന്നിവയ്ക്ക് പുറമെ പനിയ്ക്കുള്ള മരുന്നായ ഒസെല്‍ട്ടാമിവിര്‍ വലിയ ഡോസില്‍ ചേര്‍ത്താണ് കൊറോണാവൈറസ് ചികിത്സ നടത്തിയത്. ഇതുകൊണ്ട് രോഗം പൂര്‍ണമയും ഭേദമാകില്ല, പക്ഷെ രോഗിയുടെ അവസ്ഥ വേഗത്തില്‍ മെച്ചപ്പെടുത്താന്‍ കഴിയും. പോസിറ്റീവായി ടെസ്റ്റ് ചെയ്യപ്പെട്ട രോഗിക്ക് ഈ മരുന്ന് കോമ്പിനേഷന്‍ നല്‍കി 48 മണിക്കൂറില്‍ നെഗറ്റീവായി മാറിയിട്ടുണ്ട്. രാജവീഥിയിലെ ശ്വാസകോശ സ്പെഷ്യലിസ്റ്റ് ഡോ. ക്രിയാംഗ്സ്‌ക അതിപോണ്‍വാനിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ അവസ്ഥ നന്നായി തോന്നുന്നെങ്കിലും ഇതാണോ ശരിയായ ചികിത്സയെന്ന് ഉറപ്പിക്കാന്‍ കൂടുതല്‍ പഠനം വേണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചൈനയിലെ ഡോക്ടര്‍മാരും ഈ വഴി സ്വീകരിച്ച് തുടങ്ങിയെന്നാണ് തായ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റ് രണ്ട് രോഗികള്‍ക്ക് ഇത് പ്രയോഗിച്ചപ്പോള്‍ ഒരാള്‍ക്ക് അലര്‍ജി രൂപപ്പെടുകയും, രണ്ടാമത്തെ വ്യക്തിക്ക് രോഗം ഭേദമാകുകയും ചെയ്തെന്നും ഡോക്ടര്‍ വ്യക്തമാക്കി. തായ്ലാന്‍ഡില്‍ 19 കൊറോണാവൈറസ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 9പേര്‍ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

അതേസമയം കൊറോണ വൈറസ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ഇപ്പോഴും പടര്‍ന്ന് പിടിക്കുകയാണ്. കേരളത്തില്‍ പോലും ഇതിനകം തന്നെ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. കൊറോണാ വൈറസ് ഒരു മഹാമാരിയായി മാറുമെന്ന ആശങ്കയുമായി ഇതിനിടെ ലോകത്തിലെ മുന്‍നിര ഇന്‍ഫെക്ഷ്യസ് ഡിസീസ് വിദഗ്ധരും രംഗത്ത് വന്നിട്ടുണ്ട്.

ആഗോള തലത്തില്‍ തന്നെ കൊറോണ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ചൈനയ്ക്ക് അകത്തേക്കും പുറത്തേക്കും യാത്രാ നിയന്ത്രണങ്ങളും, ഐസൊലേഷനും വിധിക്കപ്പെട്ടിട്ടുണ്ടെങ്കിലും വൈറസ് പടരുന്നത് തടയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പുതിയ കൊറോണാവൈറസ് എത്രത്തോളം അപകടകാരിയായി മാറുമെന്ന് ശാസ്ത്രജ്ഞര്‍ക്കും ഇപ്പോള്‍ ഉറപ്പുപറയാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ വൈറസ് എത്രത്തോളം നാശം വരുത്തുമെന്ന കാര്യത്തിലും അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയാണ്.

കൊറോണവൈറസ് മനുഷ്യര്‍ക്കിടയില്‍ പടരുന്നുവെന്ന കാര്യത്തില്‍ മാത്രമാണ് തീര്‍ച്ചയായിട്ടുള്ളത്. പകര്‍ച്ചപ്പനി പോലെയാണ് കൊറോണ വ്യാപിക്കുന്നത്. പെട്ടെന്ന് പടരുന്നുവെന്നതാണ് പുതിയ കൊറോണയുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ചുരുങ്ങിയത് 23 രാജ്യങ്ങളില്‍ 17000ലേറെ പേരിലേക്ക് വൈറസ് എത്തിക്കഴിഞ്ഞത് കഴിഞ്ഞ മൂന്നാഴ്ച കൊണ്ടാണ്. ഓരോ നിമിഷവും ഇത് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.

ലക്ഷക്കണക്കിന് പേരിലേക്കോ, അതിലേറെ ആളുകളിലേക്കോ വൈറസ് എത്തിച്ചേര്‍ന്നിരിക്കാമെന്നാണ് വിവിധ എപ്പിഡെമോളജിക്കല്‍ മോഡലുകള്‍ കണക്കാക്കുന്നത്. മുന്‍ഗാമികളായ സാര്‍സ്, മെര്‍സ് എന്നിവയേക്കാള്‍ വേഗത്തിലാണ് വുഹാന്‍ കൊറോണയുടെ കൈമാറ്റം. 2003ല്‍ സാര്‍സ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഒന്‍പത് മാസം കൊണ്ട് 8098 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചിരുന്നത്. 2012ല്‍ മെര്‍സ് പടര്‍ന്നുപിടിച്ചപ്പോള്‍ 2500 കേസുകളും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കടത്തി വെട്ടി ഭീകരരൂപം പ്രാപിച്ചിരിക്കുകയാണിപ്പോള്‍ കൊറോണ വൈറസ്.

പുറത്ത് വന്ന വിവരപ്രകാരം ചൈനയില്‍ മാത്രം ഫെബ്രുവരി മൂന്ന് രാവിലെവരെ 361 പേരാണ് മരണപ്പെട്ടിരിക്കുന്നത്. ചൈനയിലല്ലാതെ ഒരു മരണം നടന്നിരിക്കുന്നത് ഫിലിപ്പിന്‍സിലാണ്. ചൈനക്ക് പുറത്ത് 150 കേസുകളാണ് ഇതിനകം കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം ബിബിസി തന്നെയാണിപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Staff Reporter

Top