കൊലയാളി വൈറസിനെ ഓടിച്ചത് കേരളത്തിന്റെ അഭിമാന നേട്ടമാകുന്നു

ന്ത്യയുടെ വാതിലില്‍ മുട്ടി കൊറോണാ വൈറസ് ഭീഷണി മുഴക്കുമ്പോള്‍, രാജ്യം പഠിക്കേണ്ടത് കേരളത്തിന്റെ കഥയാണ്. വൈറസിനെ പ്രതിരോധിക്കാന്‍, രാജ്യത്ത് ഏറ്റവും ശക്തമായ നടപടി സ്വീകരിച്ച സംസ്ഥാനമാണ് കേരളം. നിരവധി സംസ്ഥാനങ്ങളാണ് ഈ മാതൃക പിന്തുടരുന്നതിന് വേണ്ടി ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്. അവരില്‍ പലരും, കേരളത്തിലെത്തി നേരിട്ടാണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കണ്ട് പഠിച്ചു കൊണ്ടിരിക്കുന്നത്.

ലോകത്തിലെ അറുപതോളം രാജ്യങ്ങളെ ബാധിച്ച, പുതിയ കൊറോണ വൈറസ് വലിയ ഭീഷണിയാണ് രാജ്യത്ത് ഉയര്‍ത്തിയിരിക്കുന്നത്. പുതുതായി വിനോദ സഞ്ചാരികളുടെ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് ആകെ 28 കേസുകളായി ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ച് നാല് ഉച്ചവരെയുള്ള കണക്കാണിത്. എണ്ണം ഇനിയും ഉയരാനുള്ള സാധ്യതയും കൂടുതലാണ്.ഇതോടെ വൈറസിനെ നേരിടാന്‍ രാജ്യം എത്രത്തോളം തയ്യാറാണെന്ന ചോദ്യത്തിനാണിപ്പോള്‍ പ്രസക്തിയേറിയിരിക്കുന്നത്.

ഡല്‍ഹിയിലുളള 15 ഇറ്റാലിയന്‍ വിനോദ സഞ്ചാരികള്‍ക്കാണ്, പുതുതായി രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. ഡല്‍ഹി എയിംസില്‍ നടത്തിയ സാംപിളുകളുടെ പരിശോധനാഫലം, പോസിറ്റീവായെന്ന് ദേശീയ മാധ്യമങ്ങളും ഡിഡി ന്യൂസുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതര്‍ ഐടിബിപി ക്യാംപിലെ ഐസൊലേഷന്‍ വാര്‍ഡിലാണിപ്പോഴുളളത്. ആറ് ഇറ്റാലിയന്‍ പൗരന്‍മാര്‍ കൂടി ഇവിടെ നിരീക്ഷണത്തിലുണ്ട്.

സാധാരണ ജലദോഷം, പനി, ശ്വാസതടസ്സം എന്നിവയില്‍ തുടങ്ങി ന്യൂമോണിയ വരെ എത്തിച്ചേരുന്ന വൈറസ് ബാധ ഒടുവില്‍ കടുത്ത ശ്വാസകോശ രോഗങ്ങളും, കിഡ്നി തകരാറും, കടന്നാണ് മരണത്തിലേക്ക് എത്തിച്ചേരുന്നത്. എട്ട് രാജ്യങ്ങളില്‍ മൂവായിരത്തോളം പേരുടെ മരണത്തില്‍ കലാശിച്ച വൈറസാണിത്. ഫെബ്രുവരിയില്‍ കേരളത്തില്‍ മൂന്ന് കേസുകളാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ ഇത് രോഗമുക്തിയിലാണ് കലാശിച്ചിരുന്നത്. ആരോഗ്യ വകുപ്പിന്റേയും ജില്ലാ ഭരണകൂടങ്ങളുടേയും പ്രവര്‍ത്തന മികവ് തന്നെയായിരുന്നു ഇതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെയാണ്, കേരള മാതൃക പിന്തുടരാന്‍ മറ്റ് സംസ്ഥാനങ്ങളേയും പ്രേരിപ്പിച്ചിരിക്കുന്നത്.

3/3/2020 വരെ രാജ്യത്ത് 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി, ഇടപഴകിയ 7 പേര്‍ക്കു കൂടിയാണ് 3-ാം തീയതി വൈറസ് സ്ഥിരീകരിച്ചിരുന്നത്. ഡല്‍ഹിയില്‍, രോഗം സ്ഥിരീകരിച്ച ആളുമായി ഇടപഴകിയ കുടുംബാംഗങ്ങളടക്കം, 6 പേരിലും ജയ്പുരില്‍, വൈറസ് സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ വിനോദ സഞ്ചാരിയുടെ ഭാര്യയിലുമാണ് ,രോഗാണു സാന്നിധ്യം കണ്ടെത്തിയിരുന്നത്. മറ്റ് വിനോദ സഞ്ചാരികളിലേയ്ക്കും രോഗാണു പകര്‍ന്നതാണ് എണ്ണം വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്.

ഇതിനിടെ, ഇറ്റലിയില്‍ നിന്നുള്ള കപ്പല്‍ കൊച്ചി തുറമുഖത്തും നങ്കൂരമിട്ടിട്ടുണ്ട്. ഈ കപ്പലിലെ യാത്രക്കാരെയും ഇപ്പോള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരിക്കുകയാണ്. അതീവ ജാഗ്രതയോടെയാണ് കേരളവും നീങ്ങിക്കൊണ്ടിരിക്കുന്നത്.

ഡല്‍ഹിയ്ക്ക് പുറമെ, ഹൈദരാബാദ്, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് വൈറസിപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഡല്‍ഹിയില്‍ ഫെബ്രുവരി 25ന്, യൂറോപ്പില്‍ നിന്നും മടങ്ങിയെത്തിയ, 45-കാരനിലും കൊറോണ കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹം ഓസ്ട്രിയയിലെ വിയന്നയില്‍ നിന്നാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിയിരുന്നത്. ഇറ്റലി, ഹംഗറി എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു മടക്കം. ഈ രോഗി ഡല്‍ഹിയിലെ ആശുപത്രിയിലിപ്പോള്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടിരിക്കുകയാണ്.

ദുബായില്‍ നിന്നും ഹൈദരാബാദിലെത്തിയ സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടേതാണ് മറ്റൊരു കേസ്. ബെംഗളൂരുവില്‍, ജോലി സ്ഥലത്ത് എത്തിയ ശേഷം ബസിലാണ് യുവാവ് ഹൈദരാബാദിലെത്തിയത്. ഇവിടെ ലക്ഷണങ്ങള്‍ പ്രകടമാക്കിയതോടെ, ആശുപത്രിയില്‍ ക്വാറന്റൈന്‍ ചെയ്യപ്പെടുകയായിരുന്നു.

ജയ്പൂരില്‍ 69-കാരനായ ഇറ്റാലിയന്‍ ടൂറിസ്റ്റാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ആദ്യ രണ്ട് പരിശോധനകളില്‍ ഒന്ന് പോസിറ്റീവും, മറ്റൈാന്ന് നെഗറ്റീവുമായതോടെ സാമ്പിള്‍, പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയായിരുന്നു. ഇതോടെയാണ് രോഗം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. മറ്റ് വിനോദ സഞ്ചാരികളിലേയ്ക്ക് കൂടി രോഗം പടര്‍ന്ന സാഹചര്യമാണ് ഇപ്പോഴുളളത്. ഇതാണ് എണ്ണം വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. ഇവര്‍ ആറ് ജില്ലകള്‍ സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏറെ ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണിത്.

കേരളത്തിലെ മൂന്ന് കേസുകളും, തുടക്കത്തില്‍ തന്നെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ആശുപത്രിയില്‍
ചികിത്സ നല്‍കപ്പെട്ടതാണ്. എന്നാല്‍, ഇപ്പോള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മറ്റ് കേസുകളില്‍ സ്ഥിതി മറിച്ചാണ്. രോഗലക്ഷണം കാണിക്കാതിരുന്നത് കൊണ്ട് തന്നെ, ഇവര്‍ സുഗമമായി പരിപാടികളില്‍ പങ്കെടുക്കുകയും യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ വലിയ പരിഭ്രാന്തിയ്ക്ക് കാരണമായിട്ടുള്ളത്. വിനോദ സഞ്ചാരികള്‍ പോയ വഴിയെയാണിപ്പോള്‍, ആരോഗ്യ പ്രവര്‍ത്തകരും സഞ്ചരിക്കുന്നത്. ഇതിന് പുറമെ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്തവരേയും ഹൈദരാബാദ് ടെക്കി സഞ്ചരിച്ച ബസിലെ യാത്രക്കാരെയും, അധികൃതര്‍ തേടി കൊണ്ടിരിക്കുകയാണ്.

പുതിയ സാഹചര്യത്തില്‍, കൊറോണയെ നേരിടാന്‍ യുദ്ധസമാനമായ ഒരുക്കങ്ങള്‍ക്കാണ്, ഇന്ത്യാ ഗവണ്‍മെന്റ് തുടക്കം കുറിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ട്, പോര്‍ട്ട് എന്നിവിടങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക, തെര്‍മല്‍ സ്‌ക്രീനിംഗ് നിര്‍ബന്ധമാക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പരിശോധനകള്‍ക്കായി ഇന്ത്യന്‍ ലാബുകളും സജ്ജമായി നില്‍ക്കുകയാണ്. 12 ലാബുകളാണ് രാജ്യത്ത് ഇതിനായി തയ്യാറായി നില്‍ക്കുന്നത്.

ചൈന, ഇറാന്‍, സൗത്ത് കൊറിയ, ഇറ്റലി എന്നിവിടങ്ങളിലേക്ക് ,യാത്ര ചെയ്യുന്നതിന് യാത്രാവിലക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് മരുന്നുകളുടെ കുറവ് വരുന്നത് ഒഴിവാക്കാന്‍, പാരാസെറ്റാമോള്‍ ഉള്‍പ്പെടെയുള്ളവയുടെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ സൗത്ത് കൊറിയ, ജപ്പാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ പോയി മടങ്ങുന്ന വിമാനങ്ങള്‍ എത്തിച്ചേരുമ്പോള്‍ തന്നെ, അണുവിമുക്തമാക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലും ഉത്തരവിറക്കിയിട്ടുണ്ട്.

ആഗോള തലത്തില്‍ കൊറോണ, ജീവനുകള്‍ കവരുമ്പോള്‍ അത്രയൊന്നും ബാധിക്കപ്പെടാതെ നിന്ന ഇന്ത്യക്ക് ഇനി ഉണര്‍ന്നുപ്രവര്‍ത്തിക്കാനുള്ള സമയമാണിത്. കേരളം മുന്നില്‍ നിന്ന് കാണിച്ചുതന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാല്‍ കൊറോണയെ തുരത്താന്‍ നമ്മുടെ രാജ്യത്തിന് സാധിക്കും.


Staff Reporter

Top