താക്കറയുടെ ടെക്‌നിക് ‘പൊളിച്ചു’; ക്വാറന്റൈനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവരെ മുദ്ര കുടുക്കി

മുംബൈ: കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് ക്വാറന്റൈന്‍ പറഞ്ഞെങ്കിലും രക്ഷപ്പെടാന്‍ ശ്രമിച്ച നാല് പേരെ ട്രെയിനില്‍നിന്നും യാത്രക്കാര്‍ പുറത്താക്കി. മുംബൈ-ഡല്‍ഹി ഗരീബ് രഥ് ട്രെയിനിലാണ് സംഭവം.

നാല് പേരുടേയും കൈയുടെ പിന്നിലായി ക്വാറന്റൈന്‍ ചെയ്തതിന്റെ മുദ്ര ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവരെക്കുറിച്ച് ടിക്കറ്റ് എക്‌സാമിനറോട് പരാതിപ്പെടുകയും ഇവരെ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. മുംബൈയില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ട് ഒരു മണിക്കൂറിനു ശേഷമായിരുന്നു സംഭവം നടന്നത്.

അതേസമയം, ഇവരെ ആരോഗ്യപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ജര്‍മനിയില്‍ നിന്ന് വന്നതാണെന്നും സൂററ്റിലെ വീട്ടിലേക്കുപോകുകയാണെന്നും വ്യക്തമാക്കി. മുംബൈ വിമാനത്താവളത്തില്‍ വെച്ച് പരിശോധനകള്‍ക്കു ശേഷം 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന് നിര്‍ദേശിച്ച് നാലുപേരുടെ കൈയിലും മുദ്ര പതിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ മുങ്ങുകയായിരുന്നു.

ആഗോളവ്യാപകമായി ഭീതി വിതച്ച് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കൊറോണ ലക്ഷണങ്ങള്‍ ഉള്ളവരെ തിരിച്ചറിയാന്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് കൈയ്യില്‍ മുദ്ര പതിപ്പിക്കുന്ന ടെക്‌നിക് നിര്‍ദേശിച്ചിരുന്നത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.

ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശം ലഭിച്ചവര്‍ പുറത്തിറങ്ങാതിരിക്കാനാണ് ഇടതു കൈപ്പത്തിയില്‍ ‘ഹോം ക്വാറന്റൈന്‍’ എന്നെഴുതിയ സീല്‍ പതിപ്പിക്കുന്നത്. ഇതിലൂടെ നിരീക്ഷണത്തിലുള്ള 14 ദിവസവും ഇവര്‍ വീടുകളില്‍ കഴിയുന്നുവെന്ന് ഉറപ്പാക്കാനാകുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു.

തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ വിരലില്‍ പുരട്ടുന്ന മഷിയാണ് മുദ്രവയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതിനാല്‍ അവമായ്ച്ചുകളയാനാകില്ല.

Top