ആലുവയില്‍ കോവിഡ് രോഗി വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു; ആശങ്ക !

കൊച്ചി: ആലുവ കീഴ്മാട് പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ചയാള്‍ വിവാഹനിശ്ചയ ചടങ്ങില്‍ ഉള്‍പ്പെടെ പങ്കെടുത്തതായി വിവരം. രോഗലക്ഷണമുള്ള സമയത്തും ഇയാള്‍ പുറത്തിറങ്ങിയിരുന്നെന്നും വാഴക്കുളത്തെ ബിസിനസ് സ്ഥാപനത്തില്‍ ഉള്‍പ്പെടെ പോയിരുന്നെന്നുമാണ് അധികൃതര്‍ പറയുന്നത്. ഇയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ്.

എറണാകുളം നഗരത്തേക്കാള്‍ ഗുരുതരമായ അവസ്ഥ ആലുവയിലാണെന്നും നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് ഉള്‍പ്പെടെ പോകേണ്ടിവരുമെന്നും മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞിരുന്നു. ജില്ലയിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, കഴിഞ്ഞ ദിവസം അടച്ചിട്ട ആലുവ മാര്‍ക്കറ്റ് നാളെ തുറക്കാന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. മാര്‍ക്കറ്റില്‍ ഓട്ടോ ഓടിച്ചിരുന്ന കടുങ്ങല്ലൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡിലുള്ളയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മാര്‍ക്കറ്റും പരിസരവും അടച്ചത്. പൊലീസ് നിയന്ത്രണത്തിലാകും നാളെ മാര്‍ക്കറ്റ് തുറക്കുക. മൊത്ത വില്‍പന മാത്രമേ അനുവദിക്കൂ. ഒരു സമയം മാര്‍ക്കറ്റില്‍ എത്താവുന്ന ആളുകളുടെ എണ്ണത്തിലും നിയന്ത്രണമുണ്ടാകും.

മാര്‍ക്കറ്റിലെ തൊഴിലാളികളും മാര്‍ക്കറ്റില്‍ എത്തുന്നവരും സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ. പറഞ്ഞു. ആലുവയില്‍ ആശങ്കാജനകമായ സ്ഥിതി നിലനില്‍ക്കുന്നുണ്ട്. വരും ദിവസങ്ങളിലെ രോഗവ്യാപനത്തിന്റെ തോത് അറിയുക എന്നതാണ് പ്രധാനം. ജനങ്ങള്‍ കൃത്യമായി ജാഗ്രത പാലിച്ചാല്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കാനാകും.

പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ള ആരും തന്നെ ഒരു കാരണവശാലും പുറത്തിറങ്ങരുത്. രോഗമെന്തെന്ന് വ്യക്തമാകുന്നതു വരെ കൃത്യമായ ക്വാറന്റീന്‍ പാലിക്കണം. രോഗലക്ഷണമുള്ളപ്പോഴും ആളുകള്‍ പുറത്തിറങ്ങിയതാണ് കാര്യങ്ങള്‍ ഇത്രകണ്ട് വഷളാക്കിയതെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.

Top