പ്രവാസികള്‍ക്ക് സഹായവുമായി ‘നന്മ’യുടെ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്ക്

കോഴിക്കോട്: നോവല്‍ കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്കായി കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നന്മ എഡ്യൂക്കേഷന്‍ ട്രസ്റ്റ് പ്രവാസി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. പൊലീസ് ഐജി പി വിജയന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം.

ശാരീരിക മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന പ്രവാസികള്‍ക്ക് നന്മ പ്രവാസി ഹെല്‍പ് ഡെസ്‌ക് വിദഗ്ധരില്‍ നിന്ന് ഉപദേശ-നിര്‍ദ്ദേശങ്ങള്‍ സൗജന്യമായി ലഭ്യമാക്കും. ഇതിനായി ഹെല്‍പ്ഡെസ്‌കിനെ ബന്ധപെടുന്നതിനു 8943180000 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്. ഈ നമ്പറില്‍ വാട്‌സാപ്പ് മെസ്സേജ് അയച്ചോ ഫോണ്‍ വിളിച്ചോ ആവശ്യക്കാര്‍ക്ക് ഇന്ത്യന്‍ സമയം രാവിലെ 10 മുതല്‍ രാത്രി 10 മണി വരെ ബന്ധപ്പെടാവുന്നതാണ്.

ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കും. ഹെല്‍പ്ഡെസ്‌കുമായി സഹകരിക്കുന്ന വിദഗ്ധര്‍ സഹായകരമായ വിവരങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കുന്നതിനായി ഇവരെ തിരിച്ചു ബന്ധപ്പെടുന്നതാണ്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ സ്ഥാപക ഡയറക്ടര്‍, ഡോ. സുരേഷ് കുമാര്‍, എം ഇ എസ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. മുജീബ് റഹ്മാന്‍ എന്നിവരാണ് നന്മ പ്രവാസി ഹെല്‍പ് ഡെസ്‌കിന് നേതൃത്വം നല്‍കുന്നത്. ഡോക്ടര്‍മാരും, മാനസികാരോഗ്യ വിദഗ്ധരും സന്നദ്ധപ്രവര്‍ത്തകരും അടങ്ങുന്ന സംഘമാണ് നന്മ പ്രവാസി ഹെല്‍പ്ഡെസ്‌കിന്റെ ദൈനദിന പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കുന്നത്. ഇവര്‍ക്ക് പ്രത്യേക ഓണ്‍ലൈന്‍ പരശീലന പരിപാടികളും ഹെല്‍പ് ഡെസ്‌കിന്റെ ഭാഗമായി നല്‍കുന്നതാണ്.

സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് 15 വര്‍ഷത്തെ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് നന്മ എഡ്യൂക്കേഷന്‍ ട്രസ്റ്റ്. കുട്ടികളുടെയും വിഭവ പരിമിതി മൂലം പ്രയാസപ്പെടുന്നവരുടെയും ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തങ്ങള്‍ നന്മ തുടര്‍ച്ചയായി സംഘടിപ്പിച്ചു വരുന്നുണ്ട്. കൊറോണവൈറസ് പ്രതിസന്ധിഘട്ടത്തില്‍ കേരളാ പൊലീസിന്റെ സഹായത്തോടെ നന്മ ആരംഭിച്ച ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം എന്ന പദ്ധതിയിലൂടെ ദിവസേനെ മുപ്പതിനായിരത്തോളം ഭക്ഷണപ്പൊതികള്‍ കേരളത്തിലൊട്ടാകെ വിതരണം ചെയ്തു വരുന്നുണ്ട്. ഐ പി എസ് ഉദ്യോഗസ്ഥര്‍ മുതല്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ വരെ ഭക്ഷണം വിതരണം ചെയ്യുന്നതിനായി തെരുവിലിറങ്ങിയതും വേറിട്ട കാഴ്ച്ചയായിരുന്നു.

പ്രവാസികള്‍ക്കായി ആരംഭിച്ച ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഹരീഷ് – 9895989465, സൈഫ് 9846690490.

Top