വിവാഹം തുടങ്ങിയ ചടങ്ങുകള്‍ മാറ്റിവെക്കണം, ആളുകള്‍ കൂടുന്നിടത്ത് രോഗം വ്യാപിക്കും; ജാഗ്രത

കൊല്ലം: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. രോഗ ലക്ഷണമുള്ളവര്‍ അതായത് പനിയോ ചുമയോ ഉള്ളവര്‍ വിവാഹം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകളില്‍ പങ്കെടുക്കരുത് എന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറയുന്നത്.

ഏറെ ജനസംഖ്യയുള്ള സംസ്ഥാനമാണ് കേരളം . വൈറസ് വ്യാപിച്ചുതുടങ്ങിയാല്‍ പിടിച്ചുനിര്‍ത്താന്‍ കഴിയില്ല. ആരോഗ്യവകുപ്പു നല്‍കിയിട്ടുള്ള മുന്നറിയിപ്പുകള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തുപോകരുത്. 28 ദിവസത്തെ നിരീക്ഷണ കാലാവധി കഴിയാത്ത ആരും മറ്റുള്ളവരുമായി അടുത്തിടപഴകരുതെന്നും അവര്‍ പറഞ്ഞു.

അതേസമയം ആരും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും വിശ്രമവും ഐസൊലേഷനുമാണു കൃത്യമായ ചികിത്സയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്നു നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു പരിശോധനയ്ക്കായി 59 സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. 1793 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1723 പേര്‍ വീട്ടിലും 70 പേര്‍ ആശുപത്രിയിലുമാണ് കഴിയുന്നത്.

കേരളത്തില്‍ കൊറോണ ബാധിച്ച രണ്ടാമത്തെ വിദ്യാര്‍ത്ഥി ചികിത്സയിലുള്ളത് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണെന്നും മന്ത്രി അറിയിച്ചു. ചൈനയിലെ വുഹാനില്‍നിന്നാണ് വിദ്യാര്‍ഥി എത്തിയത്. രണ്ടാമത്തെ വിദ്യാര്‍ഥിയുടെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള പരിശോധനാഫലം ലഭിച്ചിട്ടില്ല. ഇതു സംസ്ഥാനത്തിനു ലഭിച്ചശേഷം മാത്രമേ ഇവിടെ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Top