കൊറോണ ഭീതി; ശബരിമലയിലും ഗുരുവായൂരും ഭക്തര്‍ക്ക് പ്രവേശന വിലക്ക്

ഗുരുവായൂര്‍: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലും ശബരിമലയിലും ഭക്തജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിവാഹം, ചോറൂണ്, കൃഷ്ണനാട്ടം, വാഹനപൂജ, ഉദയാസ്തമന പൂജ, ചുറ്റുവിളക്ക് വഴിപാടുകള്‍ നടത്തില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി അറിയിച്ചു.

മാര്‍ച്ച് 21 മുതലാണ് ഭക്തര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. ക്ഷേത്രത്തിലെ പതിവ് പൂജകളും മറ്റ് ചടങ്ങുകളും നടക്കുന്നതാണെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

അതേസമയം ശബരിമലയില്‍ ഇത്തവണത്തെ ഉത്സവത്തിന് ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്തിയാല്‍ മതിയെന്നും തീര്‍ഥാടകരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഈ മാസം 29നാണ് ശബരിമലയില്‍ ഉത്സവം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 28ന് ശബരിമല നടതുറക്കും. ഏപ്രില്‍ 8ന് പമ്പ തീരത്തു നടക്കുന്ന ആറാട്ട് ചടങ്ങിലും തീര്‍ഥാടകരെ പ്രവേശിപ്പിക്കില്ല.

Top