സംസ്ഥാനത്ത് ജാഗ്രത തുടരുന്നു; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 12 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് മുതല്‍ ഒരാഴ്ച്ച പ്രവര്‍ത്തിക്കില്ല. ആരാധനാലയങ്ങള്‍ ക്ലബുകള്‍ എന്നിവ രണ്ടാഴ്ച അടച്ചിടും. കടകള്‍ രാവിലെ 11 മുതല്‍ 5 വരെ മാത്രമേ പ്രവര്‍ത്തിക്കു.

നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കി. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തിറക്കും. സംസ്ഥാനത്ത് 44396 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 225 പേര്‍ വിവിധ ആശുപത്രികളിലാണ്. ഇന്നലെ മാത്രം 56 പേരാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

കാസര്‍ഗോഡ് ജില്ലയില്‍ കൂടുതല്‍ പേരുടെ പരിശോധനാഫലങ്ങള്‍ ഇന്ന് പുറത്തു വരും. ഇന്നലെ മാത്രം പുതിയതായി ആറ് പേര്‍ക്ക് ആണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗിയുമായി ബന്ധപ്പെട്ടവരുടെ സമ്പര്‍ക്ക പട്ടികയുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ അറിയിപ്പ്.

Top