വൈറസ് ബാധിതര്‍ യാത്ര ചെയ്തത് രണ്ട് വിമാനത്തില്‍; സഹയാത്രക്കാരെ കണ്ടെത്താന്‍ ശ്രമം ഊര്‍ജ്ജിതം

പത്തനംതിട്ട: പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇറ്റലിയില്‍നിന്നെത്തിയ രോഗം ബാധിച്ച മലയാളികള്‍ സഞ്ചരിച്ച ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിലെ സഹയാത്രകരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിലാണ് ഇവരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നത്.

ഫെബ്രുവരി 28-ന് വെനീസില്‍ നിന്നും ദോഹയില്‍ എത്തിയ രോഗബാധിതരായ ദമ്പതികളും ഇവരുടെ മകനും അവിടെ നിന്നും മറ്റൊരു വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. ഖത്തര്‍ എയര്‍വേയ്സിന്റെ QR 126 വെനീസ്-ദോഹ ഫ്ളൈറ്റില്‍ രാത്രി 11.20 നാണ് ഇവര്‍ ദോഹയിലെത്തിയത്. ദോഹയില്‍ ഒന്നര മണിക്കൂര്‍ കാത്തിരുന്നു. ശേഷം ഖത്തര്‍ എയര്‍വേയ്സിന്റെ OR 514 ദോഹ-കൊച്ചി ഫ്ളൈറ്റില്‍ 29ന് രാവിലെ 8.20 ന് കൊച്ചിയിലെത്തി.

ദോഹയില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തില്‍ 350 യാത്രക്കാരുണ്ടായിരുന്നു.മുഴുവന്‍ ആളുകളെയും കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കും. വിമാനത്താവളത്തില്‍ അന്നേ ദിവസം ജോലിയിലുണ്ടായിരുന്നവരെയും പരിശോധനയ്ക്ക് വിധേയമാക്കും.

ഈ വിമാനങ്ങളില്‍ വന്നവര്‍ എത്രയും വേഗം ദിശ നമ്പറിലോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലോ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇറ്റലി, ചൈന, സൗത്ത് കൊറിയ, ഇറാന്‍ എന്നീ നാല് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ 21 ദിവസം നിരീക്ഷണത്തില്‍ കഴിയണം. ഇവര്‍ക്ക് സഹായങ്ങളുമായി കണ്‍ട്രോള്‍ റൂം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.പത്തനംതിട്ടയില്‍ 5 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു കഴിഞ്ഞു.

Top