ലോക്ക്ഡൗണ്‍ ഇളവുകള്‍ നിര്‍മാണ തൊഴിലാളിയെ തുണച്ചില്ല; ഭൂരിഭാഗം പേരും പട്ടിണിയില്‍

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഇളവുകള്‍ രാജ്യത്തെ നിര്‍മാണ – വ്യാവസായിക മേഖലകള്‍ക്ക് കാര്യമായ മാറ്റം ഉണ്ടാക്കിയിട്ടില്ല. കൂലി മുടങ്ങിയതോടെ ഭക്ഷണത്തിന് പോലും ഗതിയില്ലാത്ത സ്ഥിതിയിലാണ് ഭൂരിഭാഗം നിര്‍മാണ തൊഴിലാളികളും.

ഡല്‍ഹിയില്‍ ഭൂരിഭാഗം അന്യ സംസ്ഥാന തൊഴിലാളികളും പട്ടിണിയിലാണ് കഴിയുന്നത്. ഭക്ഷണം കിട്ടാത്തതിനാല്‍ സ്വന്തം നാട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 500 രൂപ ധനസഹായം തീര്‍ന്നതായി തൊഴിലാളികള്‍ ആവലാതിപ്പെടുന്നു.

ന്യൂഡല്‍ഹി – ഹരിയാന അതിര്‍ത്തിയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കടുത്ത പ്രയാസം അനുഭവിക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഏറെയും. എല്ലാവരും ഭക്ഷണത്തിന് നേരിടുന്ന പ്രതിസന്ധിയെ കുറിച്ചാണ് എല്ലാവരും പരാതി പറഞ്ഞത്. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് അരികിലെ ഇടുങ്ങിയ താല്‍കാലിക കൂരകളിലാണ് ഇവരില്‍ പലരുടെയും താമസം.

കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ ഒരുപാടുപേര്‍ ഈ കൂരയിലാണ് താമസം. നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള സര്‍ക്കാരിന്റെ ആദ്യഗഡു 500 രൂപ ചിലര്‍ക്ക് കിട്ടിയത് മാത്രമാണ് ഏക സഹായം. കൊവിഡ് തീവ്രമല്ലാത്ത മേഖലകളില്‍ കെട്ടിട നിര്‍മ്മാണത്തിനും വ്യവസായത്തിനും ഇളവ് നല്‍കിയിട്ടുണ്ട്. പക്ഷെ, കെട്ടിട നിര്‍മ്മാണവും വ്യവസായവുമൊക്കെ അധികമുള്ള പ്രധാന നഗരങ്ങളെല്ലാം ഹോട് സ്‌പോട്ട് ജില്ലകളിലാണ്.

Top