ഹസ്തദാനത്തിന് പകരം ഇന്ത്യക്കാരുടെ നമസ്‌തേ ഉപയോഗിക്കൂ; ജനങ്ങളോട് നെതന്യാഹു

ജറുസലേം: കൊറോണ വൈറസ് ബാധ കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നത് തടയാന്‍ ജനങ്ങള്‍ക്ക് ഉപദേശവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.ആളുകളെ സ്വീകരിക്കാന്‍ ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കണമെന്നും ഹസ്തദാനത്തിന് പകരം ഇന്ത്യക്കാരെപ്പോലെ കൂപ്പുകൈകളോടെ ആളുകളെ സ്വീകരിക്കണമെന്നുമാണ് നെതന്യാഹുവിന്റെ ഉപദേശം.

‘കൈകള്‍ കൂപ്പി നമസ്തേയെന്നോ ജൂതര്‍ പരസ്പരം അഭിവാദ്യം ചെയ്യുന്ന ശാലോമെന്നോ പറയാം. ഹസ്തദാനം നല്‍കാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം,’നെതന്യാഹു പറഞ്ഞു. കൊറോണ വൈറസ് ബാധ ആഗോള തലത്തില്‍ പടരുന്ന സാഹചര്യത്തില്‍ നടന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇന്ത്യക്കാരേപ്പോലെ പരസ്പരം അഭിവാദ്യം ചെയ്യാന്‍ നെതന്യാഹു ജനങ്ങളോട് ആവശ്യപ്പെട്ടത്.

കൊറോണയെ പ്രതിരോധിക്കാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് നെതന്യാഹു വ്യക്തമാക്കി.
നിലവില്‍ 15 പേര്‍ക്കാണ് ഇസ്രയേലില്‍ കൊറോണ ബാധിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുള്ളത്. 7,000 പേര്‍ ഇവിടെ നിരീക്ഷണത്തിലാണ്. ഇവരോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊറോണയെ തടയാന്‍ 5,000 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ഇസ്രായേലില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Top