കേന്ദ്ര സര്‍ക്കാരിന്റെ ആ ‘ചെറിയ തിരുത്തല്‍’ പിന്‍വലിക്കണമെന്ന് കേരള സര്‍ക്കാര്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കോ, രോഗബാധിതരായവരുടെ ചികിത്സയ്‌ക്കോ പണം നല്‍കാനാകില്ലെന്ന് കാട്ടി കേന്ദ്രം ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

കൊറോണ വൈറസിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതോടെ രോഗബാധിതരുടെ ചികിത്സയ്ക്ക് ദുരിതാശ്വാസനിധിയില്‍ നിന്ന് പണം നല്‍കാന്‍ വഴിയൊരുങ്ങിയിരുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുമെന്ന് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ കേന്ദ്രം ഇറക്കിയ വിശദീകരണ ഉത്തരവില്‍ ഈ ചട്ടങ്ങള്‍ റദ്ദ് ചെയ്തിരുന്നു. കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ സഹായധനം ലഭിക്കാനുള്ള വഴിയാണ് ഇതോടെ അടഞ്ഞത്.

സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്ന് കൊവിഡ് ബാധിതര്‍ക്ക് ചികിത്സ നല്‍കാനും കഴിയുമായിരുന്നു. ‘ചെറിയ തിരുത്തല്‍’ എന്ന് ചൂണ്ടിക്കാണിച്ച്, കേന്ദ്രം വരുത്തിയ ഈ മാറ്റം കൊവിഡ് ചികിത്സാരംഗത്ത് വലിയ പ്രത്യാഘാതമാണ് വരുത്തുകയെന്നും, ദുരിതാശ്വാസത്തിനും സഹായത്തിനും വേണ്ടിയുള്ള ദുരിതാശ്വാസനിധിയുടെ അര്‍ത്ഥം തന്നെ ഇല്ലാതാക്കുന്നതാണെന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് വലിയ സഹായമാകുമായിരുന്ന ചട്ടം പുനഃസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നും കത്തിലാവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൊവിഡിനെ നേരിടാന്‍ ഇതുവരെ സഹായം നല്‍കിയിട്ടില്ലെന്ന് ഡല്‍ഹിയില്‍ ജിഎസ്ടി യോഗത്തിന് എത്തിയ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. കൊറോണയെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് ധനസഹായം വേണമെന്ന് ജിഎസ്ടി യോഗത്തില്‍ത്തന്നെ ആവശ്യപ്പെട്ടതായും തോമസ് ഐസക് പറഞ്ഞിരുന്നു.

Top