കൊറോണ ഫലം നെഗറ്റീവ്; ഡല്‍ഹിയിലെ ക്യാമ്പിലുള്ള 115 മലയാളികള്‍ നാട്ടിലേക്ക്

തിരുവനന്തപുരം:ഡല്‍ഹിയിലെ രണ്ട് ക്യാമ്പുകളിലായി ഐസോലേഷനില്‍ കഴിയുന്ന 115 മലയാളികളുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയതിനാല്‍ അവരെ കേരളത്തിലേക്ക് മടങ്ങാന്‍ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ചൈനയില്‍ നിന്നും പ്രത്യേക വിമാനം മാര്‍ഗമാണ് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഡല്‍ഹിയിലെ ക്യാമ്പില്‍ എത്തിച്ചത്.

ക്യാമ്പില്‍ കഴിയുന്ന മലയാളികളെ നാട്ടിലേക്ക് തിരിച്ചയക്കും. കേരളത്തില്‍ തിരിച്ചെത്തിയാലും മൊത്തം 28 ദിവസം അവര്‍ വീടുകളില്‍ ഐസോലേഷനില്‍ കഴിയേണ്ടതാണ്. ഇക്കാര്യത്തിലുള്ള സംശയ നിവാരണത്തിന് ജില്ല ആരോഗ്യ വകുപ്പ് അധികാരികളുമായി ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 42 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും കൊറോണ വൈറസ് രോഗബാധയ്ക്കെതിരെ ജാഗ്രത തുടരുകയാണ്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ ഫെബ്രുവരി 11 ലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം വീടുകളില്‍ തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്.

Top