ലോക്ക്ഡൗണ്‍ ലംഘനം; ഡീന്‍ കുര്യാക്കോസ് എംപി അടക്കം 14 പേര്‍ക്കെതിരെ കേസ്

deen

തൊടുപുഴ: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് ഡീന്‍ കുര്യാക്കോസ് എംപി അടക്കം 14 പേര്‍ക്കെതിരെ കേസ്. ഇടുക്കി മെഡിക്കല്‍ കോളേജിന് മുന്നില്‍ ഡീന്‍ നടത്തിയ ഉപവാസത്തില്‍ ആളുകള്‍ കൂട്ടം കൂടിയതിനാണ് കേസ്. കഴിഞ്ഞ ദിവസമാണ് ഡീന്‍ കുര്യാക്കോസിന്റെ ഉപവാസ സമരം നടന്നത്.

ഇടുക്കിയില്‍ കോവിഡ് സ്രവ പരിശോധനയ്ക്ക് പിസിആര്‍ ലാബ് അനുവദിക്കുക, സര്‍ക്കാര്‍ ഇടുക്കിയോട് തുടരുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസ സമരം സംഘടിപ്പിച്ചത്. ഇതില്‍ ആളുകള്‍ കൂട്ടം കൂടിയതിനാണ് ഡീന്‍ കുര്യാക്കോസ് അടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

ഡീന്‍ കുര്യാക്കോസിന് പുറമെ ഇടുക്കി ഡിസിസി പ്രസിഡന്റ്, ഡിസിസി സെക്രട്ടറിമാര്‍ എന്നിവരും കേസില്‍ പ്രതികളാണ്. എപ്പിഡമിക് ഡിസീസ് ഓര്‍ഡിന്‍സ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, വിമര്‍ശനം ഉന്നയിച്ചതിന് മുഖ്യമന്ത്രി പകപോക്കുകയാണെന്നാണ് ഡീന്‍ കുര്യാക്കോസ് ഇതിനോട് പ്രതികരിച്ചത്. ഈ കേസിനെ വകവെക്കുന്നില്ല, ഇടതുപക്ഷ ഗവണ്മെന്റ് തനിക്കെതിരെ ഒരുപാട് കേസുകള്‍ എടുത്തിട്ടുണ്ടെന്നും അതിനൊക്കെ താന്‍ പുല്ലു വില മാത്രമേ കല്‍പ്പിക്കുന്നുള്ളുവെന്നും ഡീന്‍ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി അഞ്ചു പേരില്‍ കൂടുതല്‍ ആരും അവിടെ വന്നിരുന്നില്ലെന്നും ആശുപത്രിയില്‍ പലപല സമയങ്ങളില്‍ വന്ന ആളുകളെയെല്ലാം ചേര്‍ത്ത് മനഃപൂര്‍വ്വം കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനമെങ്കില്‍ അങ്ങനെയാകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

നാട്ടുകാര്‍ക്ക് വേണ്ടി സമരം നടത്തിയതിനാണ് കേസെടുത്തത്. അതിനാല്‍ കേസിനെ വകവെക്കുന്നില്ലെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

Top