സുരക്ഷ ഉറപ്പ് വരുത്തി എംജി സര്‍വ്വകലാശാല മുന്‍ നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്തും

കോട്ടയം: സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തി എംജി സര്‍വ്വകലാശാല പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് വൈസ്ചാന്‍സിലര്‍. ഹാളുകളില്‍ പരീക്ഷ നടത്തിപ്പിന് ആരോഗ്യവകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്താന്‍ പ്രിന്‍സിപ്പല്‍മാര്‍ ശ്രദ്ധിക്കണമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അഫിലിയേറ്റഡ് കോളേജുകള്‍ക്കും സര്‍വ്വകലാശാല പഠനവകുപ്പുകള്‍ക്കും മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് വൈസ് ചാന്‍സിലര്‍ വ്യക്തമാക്കി. പിഎച്ച്ഡി വൈവ മാര്‍ച്ച് 31 വരെ നടക്കില്ല. സര്‍വകലാശാലയില്‍ വിവിധ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടവര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം.

അപേക്ഷകള്‍ സ്വീകരിക്കുന്നതിന് പ്രത്യേക പെട്ടികള്‍ സജ്ജീകരിച്ചിട്ടുണ്ട്. അപേക്ഷകള്‍ സെക്ഷനുകളില്‍ നേരിട്ട് സ്വീകരിക്കില്ല. സര്‍വ്വകലാശാല ഹോസ്റ്റലുകളില്‍ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കില്ല. കാമ്പസില്‍ യോഗങ്ങളും സമ്മേളനങ്ങളും പഠനവകുപ്പുകളില്‍ സെമിനാര്‍, സിമ്പോസിയം, കോണ്‍ഫറന്‍സ് എന്നിവയും മാര്‍ച്ച് 31 വരെ നടത്തില്ല. പൊതുജന സമ്പര്‍ക്കമുള്ള സെക്ഷനുകളില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കും.

Top