സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കൊറോണ; കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിടും

തിരുവനന്തപുരം: കേരളത്തില്‍ പുതുതായി പതിനഞ്ച് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് മൊത്തം കൊറോണ ബാധിതരുടെ എണ്ണം 64 ആയി. കാസര്‍കോട് അഞ്ച്, കണ്ണൂര്‍ നാല്, കോഴിക്കോട് രണ്ട്, മലപ്പുറം രണ്ട്, എറണാകുളം രണ്ട് എന്നിങ്ങനെയാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രോഗബാധിതരില്‍ ഏറെയും കാസര്‍കോട് സ്വദേശികളാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ല പൂര്‍ണമായും അടയ്ക്കുന്നതിന് കാസര്‍കോട് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ചീഫ് സെക്രട്ടറി അറിയിച്ചു. അവശ്യസര്‍വീസുകളായ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവ തുറക്കാം. ജില്ലയില്‍ സമ്പൂര്‍ണ അടച്ചിടലിന് കാസര്‍കോട് കളക്ടര്‍ക്കും പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയതായി ചീഫ് സെക്രട്ടറി വ്യക്തമാക്കി.

പൊതുഗതാഗതം നിരോധിക്കും. പൊതു യാത്രാ വാഹനങ്ങള്‍ക്ക് ജില്ലയ്ക്ക് പുറത്തേയ്ക്കു പോകാനോ അകത്തേയ്ക്കു പോകാനോ സാധിക്കില്ല. സ്വകാര്യ വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. അത്യാവശ്യത്തിന് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന് അനുവദിക്കൂ. മറ്റു ജില്ലകളിലേയ്ക്ക് യാത്രചെയ്യാനും പാടില്ലെന്നും നിര്‍ദേശമുണ്ട്.

കാസര്‍കോട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവര്‍ 54പേരാണ് ആശുപത്രി വിട്ടവര്‍ മൂന്ന് പേരും.

Top