കൊറോണ വൈറസ്; കുവൈറ്റില്‍ മുഴുവന്‍ കത്തോലിക്കാ പള്ളികളും അടച്ചിടും

കുവൈറ്റ്: ആഗോള തലത്തില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ കുവൈറ്റില്‍ മുഴുവന്‍ കത്തോലിക്കാ പള്ളികളും അടച്ചിടാന്‍ തീരുമാനം.നാളെ മുതല്‍ രണ്ട് ആഴ്ച്ചത്തേക്ക് പള്ളികള്‍ അടച്ചിടുമെന്ന് വികാരി ജനറല്‍ അറിയിച്ചു.പള്ളികളില്‍ വിശുദ്ധ കുര്‍ബ്ബാന , പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, മതപഠന ക്ലാസ് എന്നിവ ഉണ്ടായിരിക്കില്ല.

മാര്‍ച്ച് പതിനാലിന് ശേഷം ദേവാലയങ്ങള്‍ തുറക്കുന്ന കാര്യം ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതു ഇടങ്ങളില്‍ ജനങ്ങള്‍ ഒന്നിച്ചു കൂടുന്നത് വൈറസ് നിയന്ത്രണാധീതമായി പടരുന്നതിന് ഇടവരുത്തും എന്നതിനാലാണ് ഈ തീരുമാനം. നിലവില്‍ 45 പേര്‍ക്കാണ് കുവൈത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, മലേഷ്യ, സിംഗപ്പൂര്‍, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കില്ലെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു.

വിസ നല്‍കുന്നത് നിര്‍ത്തിവെച്ച ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ ഇതിനോടകം നേടിയ ടൂറിസ്റ്റം വിസകള്‍ താത്കാലികമായി മരവിപ്പിക്കുകയും ചെയ്തു.അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടൂറിസ്റ്റം വിസകള്‍ അനുവദിക്കും

Top