വീണ്ടും കൊറോണ ആശങ്ക; 28 ദിവസം തികച്ചില്ല, തൃശ്ശൂര്‍ സ്വദേശികള്‍ ചൈനയിലേക്ക് തിരിച്ചു

തൃശ്ശൂര്‍: കൊറോണ വൈറസ് ഭീതി തുടരുമ്പോള്‍ ആഗോളതലത്തില്‍ തന്നെ മുന്‍കരുതലുകളും വൈറസിനെ തുരത്താനുള്ള മാര്‍ഗങ്ങളും അധികൃതര്‍ നടത്തുന്നുണ്ട്. 25ല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വൈറസ് പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതതു രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍.

ചൈനയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തീവ്ര പരിശ്രമമായിരുന്നു നടത്തിയിരുന്നത്. ശരിക്കും പറഞ്ഞാല്‍ ഒരു ജീവന്‍ മരണപോരാട്ടമായിരുന്നു. എന്നാല്‍, വളരെ ആശങ്ക ജനിപ്പിക്കുന്നതായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചൈനയില്‍ നിന്നെത്തി കൊറോണ വൈറസ് ബാധയുടെ നിരീക്ഷണത്തിലായിരുന്ന മൂന്നുപേര്‍ ആരോഗ്യവകുപ്പിനെ അറിയിക്കാതെ ചൈനയിലേക്ക് പോയി. 28 ദിവസത്തെ നിരീക്ഷണക്കാലയളവ് തീരുന്നതിന് മുമ്പാണ് ഇവര്‍ രാജ്യം വിട്ടത് എന്നാണ് ഏവരെയും കുഴപ്പിക്കുന്നത്. തിങ്കളാഴ്ചയാണ് ഇവര്‍ രാജ്യം വിട്ടത്.

തൃശ്ശൂരിലെ അടാട്ടുള്ള ദമ്പതിമാരും കൂര്‍ക്കഞ്ചേരിയില്‍നിന്നുള്ളയാളുമാണ് പോയത്. ചൈനയില്‍ ബിസിനസ് നടത്തുകയാണ് ഇവര്‍. ദമ്പതിമാര്‍ ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളംവഴിയും മറ്റേയാള്‍ സിങ്കപ്പൂര്‍വഴിയുമാണ് പോയതെന്നാണു ലഭിക്കുന്ന വിവരം.

ഇവര്‍ വീടുകളില്‍ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യവകുപ്പ് അധികൃതര്‍ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ഞായറാഴ്ച വൈകീട്ടുവരെ ഇവര്‍ മൂന്നുപേരും അധികൃതരോടു സംസാരിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നറിയിച്ചു. എന്നാല്‍ തിങ്കളാഴ്ച രാവിലെ വിളിച്ചപ്പോള്‍ മൊബൈല്‍ നമ്പറുകള്‍ സ്വിച്ച്ഓഫ് ആയിരുന്നു. തുടര്‍ന്ന് ബന്ധുക്കളോട് അന്വേഷിച്ചപ്പോഴാണ് പോയ വിവരം അറിഞ്ഞത്.

ചൈനയിലേക്കു കടന്നവരുടെപേരില്‍ എന്തുനടപടി വേണമെന്ന കാര്യത്തില്‍ എമിഗ്രേഷന്‍ വിഭാഗവുമായി ആലോചിച്ചശേഷം തീരുമാനമെടുക്കും. തൃശ്ശൂര്‍ ജില്ലയില്‍ വീടുകളില്‍ 233 പേരും ആശുപത്രികളില്‍ എട്ടുപേരുമാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.

Top