കൊറോണ മരണസംഖ്യ 1368; ലോകമൊട്ടാകെ 60,286 പേര്‍ക്ക് വൈറസ് ബാധ

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1368 ആയി. ഇന്നലെ മാത്രം മരിച്ചത് 242 പേരാണ്. മരണം മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. പുതിയതായി 14,840 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 60,286 ആയി. പുതിയ രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്നും വൈറസ് നിയന്ത്രണവിധേയമാകുന്നുവെന്നും ചൈന അവകാശപ്പെട്ടതിനു പിന്നാലെയാണ് ഇത്രയധികം പേര്‍ ഒറ്റദിവസം മരിച്ചത്.

വൈറസ് ബാധ ഫെബ്രുവരിയില്‍ ഏറ്റവുംകൂടിയ നിലയിലെത്തി മെല്ലെ കുറയാന്‍ തുടങ്ങുമെന്നാണ് ചൈനയിലെ വൈറോളജിസ്റ്റുകള്‍ പറയുന്നത്. അതേസമയം, വാക്സിന്‍ കണ്ടെത്താന്‍ 18 മാസമെങ്കിലും വേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടന പറയുന്നു. ലോകത്തെമ്പാടുമായി വിവിധ ലാബുകളില്‍ നിരന്തരഗവേഷണങ്ങളാണ് നടക്കുന്നത്. ചൈനയ്ക്കുപുറമേ യു.കെ, യു.എസ്, ഓസ്ട്രേലിയ, എന്നിവിടങ്ങളിലാണ് പ്രധാനമായും ഗവേഷണങ്ങള്‍ നടക്കുന്നത്.

അതേസമയം ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ആഡംബരക്കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ 39 പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇവരില്‍ 2 പേര്‍ ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാരാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവര്‍ ഉള്‍പ്പെടെ കപ്പലിലെ യാത്രക്കാരായ 175 പേര്‍ക്ക് ഇതുവരെകൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബരകപ്പല്‍ ക്വാറന്റൈന്‍ ചെയ്ത് ജപ്പാനിലെ യോക്കോഹാമയില്‍ നങ്കൂരമിട്ടത്. ഹോങ്കോങ്ങില്‍ ഇറങ്ങിയ യാത്രക്കാരനില്‍ വൈറസ് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു കപ്പല്‍ പിടിച്ചിട്ടത്. 670 യാത്രക്കാരും 1100 ജീവനക്കാരുമുള്ള കപ്പലിലെ 300 പേര്‍ക്ക് പ്രാഥമിക പരിശോധനയില്‍ത്തന്നെ രോഗബാധ കണ്ടെത്തിയിരുന്നു.

അതിനിടെ കൊറോണ ഭീഷണിയെ തുടര്‍ന്ന് ഈ മാസം 24 മുതല്‍ സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കാനിരുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് റദ്ദാക്കി. മുന്‍നിര മൊബൈല്‍ കമ്പനികള്‍ പലതും പിന്മാറിയതോടെയാണ് തീരുമാനം. ഏപ്രില്‍ 19 മുതല്‍ ഷാങ്ഹായില്‍ നടക്കാനിരുന്ന ചൈനീസ് ഗ്രാന്‍പ്രീയും മാറ്റിവച്ചു.

ചൈനയ്ക്ക് പുറത്ത് സിംഗപ്പുരിലും ഹോങ്കോങിലുമാണ് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Top