മാസ്‌ക് ഊരിയ നഴ്‌സുമാരുടെ മുഖം.. അതുകൊണ്ടാണ് അവര്‍ മാലാഖമാരാകുന്നത്!

ബെയ്ജിംഗ്: സ്വന്തം ജോലിയില്‍ മടുപ്പ് തോന്നാത്ത, വേദനിക്കുന്നവരുടെ നേരെ മുഖം തിരിക്കാത്ത നഴ്‌സുമാരെ മാലാഖമാര്‍ എന്ന് തന്നെയല്ലെ വിശേഷിപ്പിക്കേണ്ടത്. കൊറോണ ബാധിച്ചവരെ ചികിത്സിക്കുന്ന ചൈനയിലെ നഴ്‌സുമാരുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുമ്പോള്‍ ആ സേവനത്തിന് മുന്നില്‍ ലോകം കൈകൂപ്പുകയാണ്.

വിശ്രമമില്ലാതെ രാവും പകലും ഓടിഓടി നടന്ന് ഓരോജീവനും രക്ഷിക്കാന്‍ ശ്രമിച്ച ചൈനയിലെ നഴ്‌സുമാരുടെ മുഖംമൂടിയില്ലാത്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലി, ട്വിറ്ററിലൂടെയാണ് നഴ്‌സുമാരുടെ മുഖവും ജോലിക്കിടയില്‍ അവര്‍ വിശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

അവരുടെ മുഖം കണ്ടാല്‍ ആരുടേയും കണ്ണു നിറയും. ആഴ്ചകളോളം മാസ്‌ക് ധരിച്ചതിനാല് വലിഞ്ഞുമുറുകി ചുവന്നുതടിച്ച, നഴ്‌സുമാരുടെ മുഖം. മറ്റുള്ളവര്‍ക്ക് വേണ്ടി സേവനം നടത്തുമ്പോഴും സ്വയരക്ഷയ്ക്കായി അവര്‍ക്ക് മാസ് ധരിക്കാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ദിവസങ്ങളോളം 12 മണിക്കൂര്‍ തുടര്‍ച്ചയായി ഇവര്‍ മാസ്‌ക് ധരിക്കുമായിരുന്നു.

24 മണിക്കൂറും ജോലിചെയ്യാന്‍ തയ്യാറായ ഇവര്‍ അടുത്ത അധ്വാനത്തിനിടയില്‍ കിട്ടുന്ന ചെറിയ സമയത്ത് തലചായ്ക്കും. അപ്പോഴും പൂര്‍ണ സുരക്ഷിത കവചത്തോടെ തറയിലായിരുന്നു പലരുടേയും ഉറക്കം. ചൈനയേയും ലോകത്തേയും സംരക്ഷിച്ച ഹീറോ ആണിവരെന്ന് പറഞ്ഞുകൊണ്ടാണ് പീപ്പിള്‍സ് ഡെയ്‌ലി ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇത് ചൈനയിലെ മാത്രം കാര്യമല്ല. കേരളത്തിലും ഇത്തരത്തില്‍ ആയിരക്കണക്കിന് മാലാഖമാര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്.

Top