ചൈന അതിജീവിച്ചതു പോലെ അതിജീവിക്കുക പ്രയാസം ; എഫ്.ബി പോസ്റ്റ് !

തിനോടകം 182ഓളം ലോകരാജ്യങ്ങളെ വിഴുങ്ങി കഴിഞ്ഞ കൊറോണ വൈറസ്, പ്രതിദിനം മനുഷ്യരാശിയില്‍ ഭീതി പടര്‍ത്തി നിയന്ത്രണാധീതമായി വ്യാപിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ്, നാം ഇന്ന് കാണുന്നത്. വൈറസ് ബാധയെ തുടക്കത്തില്‍ ലാഘവത്തോടെ കണ്ട പല രാജ്യങ്ങളും സ്ഥിതി കൈവിട്ടുപോയെന്ന് തുറന്ന് സമ്മതിക്കുന്നതുവരെയെത്തി കാര്യങ്ങള്‍.

വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈന ഇപ്പോള്‍ പൂര്‍ണമായും ഈ മഹാമാരിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് കഴിഞ്ഞു. ഇപ്പോള്‍ ഇറ്റലിയാണ് ഈ മഹാമാരിയുടെ പിടിയില്‍ അമര്‍ന്നിരിക്കുന്നത്. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ മരണങ്ങള്‍ ഇപ്പോള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു.

ഇപ്പോഴിതാ ചൈന അതിജീവിച്ച വഴിയിലൂടെ ലോകത്ത് മറ്റൊരു രാജ്യത്തിനും കൊറോണയെ അതിജീവിക്കാനാകില്ല എന്ന മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു യുവാവ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് യുവാവ് ഇക്കാര്യം പറയുന്നത്.

ഒരു ജനാധിപത്യ രാജ്യത്ത് നടപ്പിലാക്കുന്നതിനെ കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അവര്‍ ഈ മഹാമാരിയെ തുരത്തിയതെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.


ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

സര്‍ക്കാരിന്റെ പി.ആര്‍ സ്റ്റണ്ടിനപ്പുറം കൊറോണയെ പേടിക്കേണ്ടതായില്ലെന്ന പ്രചരണം കേരളത്തിന്റെ ചിലയിടങ്ങളിലെങ്കിലും ഉണ്ടായെന്നാണ് പല ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിന്നുമറിയുന്നത്. ഈ പ്രചാരണമാണ് ആരോഗ്യ വകുപ്പ് കര്‍ശന ഐസൊലേഷന്‍ നിര്‍ദ്ദേശിച്ച ആളുകള്‍ പോലും നാട്ടില്‍ തോന്നുംപടി നടക്കാന്‍ കാരണമായത്. ലോകം കോവിഡ് 19 ഭീതിയില്‍ മറ്റുള്ളതെല്ലാം മാറ്റി വച്ച് അതിജാഗ്രത പുലര്‍ത്തുമ്പോഴാണ് ഇവിടെ ഇങ്ങനെയൊക്കെ നടക്കുന്നത് എന്നതാണ് സങ്കടകരം

ചൈന ഒഴികെ ലോകത്ത് കോവിഡ് സ്ഥിരീകരിച്ച ഒരു രാജ്യത്തിനും ആ ഭീഷണിയെ അതിജീവിക്കാനായിട്ടില്ല. ചൈന അതിജീവിച്ച വഴിയിലൂടെ ലോകത്ത് മറ്റൊരു രാജ്യത്തിനും കൊറോണയെ അതിജീവിക്കാനുമാകില്ല. ഒരു ജനാധിപത്യ രാജ്യത്ത് നടപ്പിലാക്കുന്നതിനെ കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അവര്‍ അത് സാധ്യമാക്കിയത്.

പ്രൈവസിയേക്കാള്‍ മൂല്യം മനുഷ്യ ജീവനാണെന്ന് പ്രഖ്യാപിച്ച്, കൊറോണയൊക്കെ വരുന്നതിന് മുമ്പ് തന്നെ ഉണ്ടായിരുന്ന 30 മില്യന്‍ ഫേഷ്യല്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍ അടങ്ങുന്ന സിറ്റിസന്‍ സര്‍വൈലന്‍സ് സിസ്റ്റവും ബിഗ് ഡാറ്റ, മെഷ്യന്‍ ലേര്‍ണിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വികസിപ്പിച്ച് എടുത്ത ‘കൊറോണ ക്‌ളോസ് ഡിറ്റക്ഷന്‍’ ആപ്പും കൂടാതെ ഡ്രോണുകള്‍ അടക്കമുള്ളവയും ഉപയോഗപ്പെടുത്തിയാണ് ചൈന കൊറോണയെ നേരിട്ടത്. (കൂടുതല്‍ വിവരങ്ങള്‍ കമന്റില്‍).

പൂര്‍ണ്ണമായും സാങ്കേതിക വിദ്യ ഉപയോഗിച്ച് ചൈന ജയിച്ച യുദ്ധത്തിന്റെ മുന്നണിയില്‍ ഇപ്പോഴുള്ളത് ഇറ്റലിയും സ്പൈനും ഇറാനുമൊക്കെയാണ്. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ അധികം ദൂരെയല്ലാതെയുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളോട് ഏറ്റവും മോശമായ ഒരു സാഹചര്യത്തെ നേരിടാന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

നമ്മുടെ രാജ്യത്തും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. മുംബൈ, ഡല്‍ഹി തുടങ്ങിയ മെട്രോ നഗരങ്ങളൊക്കെ ശൂന്യമായി തുടങ്ങി. രാജ്യത്തെ പല സംസ്ഥാനങ്ങളും പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. യുദ്ധ സമാനമായ സഹാചര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.

അപ്പോഴാണ് ഇവിടെ ഈ കേരളത്തില്‍ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ എന്തിന് വേണ്ടിയോ അടിസ്ഥാന രഹിതമായ പ്രചാരണം നടത്തുന്നത്. ഒരു കൂട്ടം മനുഷ്യര്‍ പൊതുസമൂഹത്തോട് യാതൊരുവിധ പ്രതിബദ്ധതയുമില്ലാതെ ഹോം ഐസൊലേഷനുകളില്‍ നിന്നുമിറങ്ങി ജനകൂട്ടത്തില്‍ ഇടപഴകുന്നത്. എയര്‍പോര്‍ട്ടുകളില്‍ ഒരു മണിക്കൂര്‍ ക്യൂ പോലും നില്‍ക്കാനാവില്ലെന്ന് പരാതി പറയുന്നത്. ആരോഗ്യ വകുപ്പിന് എതിരെ വ്യാജ വാര്‍ത്തകള്‍ പരത്തുന്നത്.

ലോകത്ത് ഈ കഴിഞ്ഞ 24 മണിക്കൂറില്‍ ആയിരത്തിലേറെ മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. ജാഗ്രത പാലിക്കേണ്ട മിനിമം ഭയമെങ്കിലും തോന്നണം. ഇല്ലെങ്കില്‍ മിനിറ്റ് ബൈ മിനിറ്റ് അപ്ഡേറ്റ് ആകുന്ന ഡെത്ത് ടോള്‍ സംഖ്യകളിലേക്ക് ഒന്ന് നോക്കണം. അതിലേക്ക് കൂട്ടിചേര്‍ക്കപ്പെടുന്ന ഓരോ മരണവും നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നു എന്നു കരുതണം.


അഭിജിത്ത്.ബി

Top